ദില്ലി: കാര്‍ഷിക ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെയടക്കം പിന്തുണയോടെയായിരിക്കും ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷിക വിരുദ്ധ ബില്ലുകള്‍ക്ക് പ്രസിഡന്റിന്റെ അനുമതി ലഭിക്കും മുമ്പ് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബില്ല് കര്‍ഷക വിരുദ്ധമാണെന്നും കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള അധികാരം കവര്‍ന്നെടുക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

മതിയായ പിന്തുണയില്ലാതെ കടുത്ത പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെ ബില്‍ പാസാക്കിയത് അനീതിയാണ്. ഇത്രയും ഗൗരവമായ ബില്ലില്‍ എന്തുകൊണ്ടാണ് വോട്ടെടുപ്പിലേക്ക് നീങ്ങാതിരുന്നതെന്നും എന്‍ഡിഎയില്‍ പോലും ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും. ബിജെപി ചരിത്രപരമായ മാറ്റം എന്ന് ഉദ്‌ഘോഷിക്കുന്ന ബില്‍ കാര്‍ഷിക മേഖലയുടെ അന്ത്യംകുറിക്കുമെന്നും ഭക്ഷ്യസുരക്ഷയെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഒരു ബില്‍ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മര്യാദയൊന്നും കേന്ദ്രം പാലിച്ചില്ല. കാര്‍ഷിക രംഗത്തെ പ്രധാന സംസ്ഥാനമായ പഞ്ചാബിനോട് ഒന്ന് ആലോചിച്ചുപോലുമില്ല. ആരെയും വിശ്വാസത്തിലെടുത്തില്ല. കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനമല്ല കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. താങ്ങുവിലയെക്കുറിച്ച് ബില്ലില്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ചയാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയിലും പാസാക്കിയെടുത്തത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ മറികടന്നായിരുന്നു ബില്ലുകള്‍ പാസാക്കിയത്.