യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജർ പഴ്‌സി ജോസഫിനെ വനിത പൊലീസുകാരെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നാണ് പരാതി നിശാന്തിനി അടക്കമുള്ളവരിൽ നിന്ന് 25 ലക്ഷം രൂപയായിരുന്നു നഷ്‌ടപരിഹാരമായി പഴ്‌സി ജോസഫ് ആവശ്യപ്പെട്ടത്

കൊച്ചി: ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് ഐപിഎസ് ഉദ്യോഗസ്ഥയായ ആർ.നിശാന്തിനി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ മീഡിയേഷൻ സെന്ററിൽ ജൂലൈ 12 ന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. 

തൊടുപുഴ എസിപി ആയി ആർ നിശാന്തിനി പ്രവർത്തിച്ചിരുന്ന സമയത്താണ് ഈ സംഭവം. 2011 ജൂലൈ 26 ന് യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജർ പഴ്‌സി ജോസഫിനെ വനിത പൊലീസുകാരെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചത്. കേസിൽ തിരിച്ചടി ഉണ്ടാകുമെന്ന നിയമോപദേശത്തെ തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കിയത്.

നിശാന്തിനി അടക്കമുള്ളവരിൽ നിന്ന് 25 ലക്ഷം രൂപയായിരുന്നു നഷ്‌ടപരിഹാരമായി പഴ്‌സി ജോസഫ് ആവശ്യപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ 18.5 ലക്ഷം രൂപയിൽ ധാരണയായി. അടുത്ത മാസം 6 ന് ഒത്തുതീർപ്പ് വ്യവസ്ഥകൾ രേഖപ്പെടുത്തി നടപടിക്രമം പൂർത്തിയാക്കി ഹൈക്കോടതി കേസ് അവസാനിപ്പിക്കും. 

ആർ.നിശാന്തിനിയെ കൂടാതെ വനിത സിവിൽ പൊലീസ് ഓഫീസർ വി.ഡി.പ്രമീള, പൊലീസ് ഡ്രൈവർ ടിഎം സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെഎ ഷാജി, നൂർ സമീർ, വിരമിച്ച എസ്ഐ കെവി.മുരളീധരൻ എന്നിവർക്കെതിരായാണ് മർദ്ദിച്ചതിന് പേഴ്സി ജോസഫ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ചെവനിങ് സ്കോളർഷിപ്പ് ലഭിച്ച് ലണ്ടനിൽ ഉപരിപഠനത്തിനായി പോയിരിക്കുകയാണ് ഐപിഎസ് ഓഫീസറായ നിശാന്തിനി. ഇന്റർനാഷണൽ ചൈൽഡ് സ്റ്റഡീസിൽ ഒരു വർഷത്തെ മാസ്റ്റേഴ്‌സ് കോഴ്സിനാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലാണ് പഠനം. 2008 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറാണ് ആർ.നിശാന്തിനി.