ദില്ലി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നാളെ ഹര്‍ജി പരിഗണിക്കാനിരിക്കെ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് സമയം തേടി. 

മൂന്ന് ഘട്ടം തെരഞ്ഞെടുപ്പ് ബാക്കി നില്‍ക്കെ  പ്രതിപക്ഷത്തിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായ റഫാല്‍ സുപ്രീം കോടതിയിലെത്തുന്നത് വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാൻ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പുനഃപരിശോധന ഹര്‍ജി നല്‍കിയിവരെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. പുനഃപരിശോധന ഹര്‍ജിക്കൊപ്പം സര്‍ക്കാരിന്‍റെ ആവശ്യവും കോടതി നാളെ പരിഗണിക്കും.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പരിഗണിക്കാൻ കോടതി അനുവദിച്ചത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. രേഖകള്‍ മോഷ്ടിച്ചതാണെന്ന സര്‍ക്കാര്‍ വാദം തള്ളിയായിരുന്നു സുപ്രീം കോടതി ഉത്തരവ്. പിന്നാലെയാണ് പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന്  സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.