ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നികൃഷ്ടമായ പ്രസ്താവന എന്നാണ് രാഹുല്‍  മനോഹര്‍ ലാല്‍ ഖട്ടറുടെ പരാമര്‍ശത്തെ വിമര്‍ശിച്ചത്.

ദുര്‍ബലവും ദയനീയവുമായ മനസുള്ള ഒരു മനുഷ്യന് വര്‍ഷങ്ങളായി ലഭിക്കുന്ന ആര്‍എസ്എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഖട്ടറുടെ വാക്കുകള്‍. പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്ത് മാത്രമല്ല സ്ത്രീകളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ ഇനി കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമെല്ലോ എന്നാണ് ഖട്ടര്‍ പറഞ്ഞത്. ഫത്തേബാദില്‍ മഹാഋഷി ഭഗീരഥ് ജയന്തിയോട് അനുബന്ധിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഖട്ടര്‍. പിന്നീട് 'ബേട്ടി ബച്ചാവോ ബോട്ടി പഥാവോ ക്യാമ്പയിന്‍റെ വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ ഖട്ടര്‍ പറഞ്ഞിങ്ങനെ:

''തന്‍റെ മരുമക്കളെ ബീഹാറില്‍ നിന്നാണ് കണ്ടെത്താനായതെന്ന് മന്ത്രിയായ ഒ പി ധാങ്കര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കശ്മീരിലേക്കുള്ള റൂട്ടും ശരിയായതായി ജനങ്ങള്‍ പറയുന്നുണ്ട്. കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇനി കൊണ്ടു വരാമെന്നും ഖട്ടര്‍ പറഞ്ഞു.