ദില്ലി: ലഡാക്കിൽ ഇരുപത് സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘർഷത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി എന്തു കൊണ്ടാണ് ഇതേക്കുറിച്ചു പ്രതികരിക്കാതിരിക്കുന്നതെന്നും എന്താണ് പ്രധാനമന്ത്രി മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു. 

എന്താണ് സംഭവിച്ചതെന്ന് എല്ലാവ‍ർക്കും അറിയണമെന്ന് പറഞ്‍ രാഹുൽ ​ഗാന്ധി ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ് കൈയ്യേറാനും അവര്ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലുണ്ടായ സംഘ‍ർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനിക‍‍ർ കൊല്ലപ്പെട്ടതായി ഇന്നലെയാണ് കരസേന അറിയിച്ചത്. ചൈനീസ് നിരയിലും കനത്ത ആൾനാശമുണ്ടായി എന്നാണ് വിവരം. അതിർത്തി ഭേദിച്ച് ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് കേറിയതോടെയാണ് ഇന്ത്യൻ സൈന്യവും ഇവിടേക്ക് എത്തിയത്.