ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ഭാവിയിലും അദ്ദേഹം തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസി അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി രാജിവെച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ ഗെഹ്ലോട്ട് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. അടുത്ത വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കും മോദിക്കുമെതിരെ പോരാടാന്‍ രാഹുല്‍ ഗാന്ധിക്കേ ആര്‍ജവമുള്ളൂ. സൈനിക നേട്ടങ്ങളും വര്‍ഗീയതയും ഉയര്‍ത്തിയാണ് ബിജെപി ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അത്യുന്നതിയില്‍നിന്ന് എല്ലാവര്‍ക്കും വീഴ്ചയുണ്ടാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ബിജെപിയെ ജനം അവഗണിക്കും. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കുതിരക്കച്ചവടം നടത്തുകയാണ്. അധികാരത്തിലിരിക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ താഴെയിറക്കാന്‍ നോക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും ഗോവയിലും സംഭവിച്ചത് കര്‍ണാടകയിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.