ദില്ലി: പ്രധാനമന്ത്രിയെ നുണയനെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരണവുമായി ബിജെപി. രാഹുല്‍ ഗാന്ധി നുണകളുടെ മാസ്റ്ററാണെന്ന് ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു. അസമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പ് നിര്‍മാണം യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് തുടങ്ങിയതാണ്. അന്ന് അസമിലും കോണ്‍ഗ്രസാണ് ഭരിക്കുന്നതെന്നും ബിജെപി വക്താവ് വ്യക്തമാക്കി. 

റാഫേല്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ രാഹുല്‍, ഡിറ്റന്‍ഷന്‍ ക്യാമ്പുകളുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ സഹിതമാണ് പാത്ര എത്തിയത്. 2011ല്‍  ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ പുറപ്പെടുവിച്ച രേഖകളും 2012ല്‍ അസം സര്‍ക്കാര്‍ പുറപ്പെടുവിച്ച രേഖകളും രേഖകളും പാത്ര ഉയര്‍ത്തിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കാലത്താണ് അനധികൃത കുടിയേറ്റക്കാരായ വിദേശികളെ പാര്‍പ്പിക്കാന്‍ കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഗോല്‍പാര, കൊക്രജാര്‍, സില്‍ചാര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്‍ആര്‍സിയും ഡിറ്റന്‍ഷന്‍ സെന്‍ററുകളും തമ്മില്‍ ബന്ധമില്ലെന്നും പാത്ര വ്യക്തമാക്കി. 

എന്‍ആര്‍സിയും പൗരത്വ നിയമ ഭേദഗതിയും ഡിറ്റന്‍ഷന്‍ സെന്‍ററുകളും സംബന്ധിച്ച് ആര്‍എസ്എസിന്‍റെ പ്രധാനമന്ത്രിയായ മോദി ഭാരതത്തോട് നുണ പറയുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.