ദില്ലി : കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധങ്ങളുടെ ഒരു നിത്യ വിമർശകനാണ് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നടപടികളുടെ ഫലസിദ്ധിയില്ലായ്മയെപ്പറ്റി വിമർശനശരങ്ങൾ തൊടുക്കാൻ രാഹുൽ ആയുധമാക്കിയത് വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്റെ ഒരു വരിയാണ്. 

"അജ്ഞതയേക്കാൾ എത്രയോ അപകടകരമാണ് അഹങ്കാരം " എന്ന ഐൻസ്റ്റീൻ വചനം സത്യമാണ് എന്ന്  വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ ലോക്ക് ഡൌൺ എന്നായിരുന്നു രാഹുൽ ഗാന്ധി ഇന്നുച്ചയ്ക്ക് ഇട്ട ട്വീറ്റിലെ വരികൾ. 

 

തന്റെ ട്വീറ്റിനൊപ്പം ഒരു ഗ്രാഫും രാഹുൽ ഗാന്ധി അറ്റാച്ച് ചെയ്തിരുന്നു. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഈ ലോക്ക് ഡൌൺ കാരണം രാജ്യത്തെ സാമ്പത്തികവ്യവസ്ഥ താഴേക്ക് ഇടിഞ്ഞു താണതിന്റെയും കൊവിഡ് മരണങ്ങൾ കുത്തനെ പൊങ്ങുന്നതിന്റെയും ദൃശ്യാവിഷ്കാരമാണ് ഈ ലൈവ് ഗ്രാഫ്. 

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രം നടപ്പിലാക്കിയ ലോക്ക് ഡൌൺ രാജ്യത്തെ സാമ്പത്തികവ്യവസ്ഥയെ പാടെ താറുമാറാക്കി എന്ന വിമർശനം രാഹുൽ ഗാന്ധി കഴിഞ്ഞ കുറെ ദിവസങ്ങളായി ഉന്നയിച്ചു വരുന്നതാണ്. രാജ്യത്തെ കൊവിഡ് അനുബന്ധ പ്രവർത്തനങ്ങളെപ്പറ്റിയും കേന്ദ്രത്തിന്റെ പ്രകടനത്തെപ്പറ്റിയും ഒക്കെ രാഹുൽ ഗാന്ധി കഴിഞ്ഞ കുറെ ദിവസങ്ങളായി പല വിദഗ്ധന്മാരുമായും സംസാരിച്ച് അതിന്റെ വീഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. മുൻ റിസർവ്ബാങ്ക് ഗവർണർ രഘുറാം രാജൻ, നോബൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജി, വ്യവസായി രാജീവ് ബജാജ്, മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ നിക്കോളാസ് ബേൺസ്, ഹാർവാർഡ് പ്രൊഫസർ ആശിഷ് ഝാ, സ്വീഡിഷ് ഫിസിഷ്യൻ യോഹാൻ ഗിസെക്ക് എന്നിവരോട് ഇതുവരെ രാഹുൽ ഗാന്ധി സംസാരിച്ചു കഴിഞ്ഞു. ഈ സംഭാഷണങ്ങളിൽ ഒക്കെയും ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്യങ്ങളെ മറ്റുരാജ്യങ്ങളിലേതിനോട് താരതമ്യപ്പെടുത്തുകയാണ് രാഹുൽ ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തെപ്പറ്റി സൂചിപ്പിക്കാൻ ജൂൺ 8 -ന്, രാഹുൽ മിർസാ ഗാലിബിന്റെ ഒരു ഷേർ ആണ് ഉപയോഗപ്പെടുത്തിയത്. " അതിർത്തിയിലെ അവസ്ഥ എല്ലാവർക്കും അറിയാം, എന്നാൽ മനസ്സിനെ സന്തോഷിപ്പിച്ച് നിർത്താൻ കേന്ദ്രം പറയുന്നത് വിശ്വസിക്കുന്നതാണ് നല്ലത്." എന്നായിരുന്നു ഗാലിബ് ശേറിന്റെ പാരഡി പോലെ രാഹുൽ അന്ന് പറഞ്ഞത്.