Asianet News MalayalamAsianet News Malayalam

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷകരുടെ കടങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മൊറട്ടോറിയം  നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെടുന്നില്ല. 

rahul gandhi raise farmers suicide in loksabha
Author
Parliament House, First Published Jul 11, 2019, 12:44 PM IST

ദില്ലി: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയാണ് കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് വയനാട് എംപിയായ രാഹുല്‍ ആവശ്യപ്പെട്ടത്. 

രാഹുല്‍ ലോക്സഭയില്‍ പറഞ്ഞത്...

കേരളത്തിലെ കര്‍ഷകരുടെ ദുരവസ്ഥ ഞാന്‍ ഈ സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വരികയാണ്. കഴിഞ്ഞ ദിവസവും വയനാട്ടിലെ ഒരു കര്‍ഷകന്‍ കടം കാരണം ആത്മഹത്യ ചെയ്തു. വയനാട്ടിലെ 8000-ത്തോളം കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചു. അവരില്‍ പലരും ഏത് നിമിഷം വേണമെങ്കിലും സ്വന്തം വസ്തുവില്‍ നിന്നും കുടിയിറങ്ങേണ്ട അവസ്ഥയിലാണ്. ബാങ്കുകള്‍ ഒന്നരവര്‍ഷം മുന്‍പ് ജപ്തി നടപടികള്‍ ആരംഭിച്ച ശേഷം 18 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. 

സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷകരുടെ കടങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മൊറട്ടോറിയം  നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെടുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4.3 ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് രാജ്യത്തെ വ്യവസായികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. വന്‍കിട വ്യവസായികളുടെ 5.5 ലക്ഷം രൂപയുടെ കടം ഈ കാലയളവില്‍ എഴുതി തള്ളുകയുണ്ടായി. 

എന്തിനാണ് ഇങ്ങനെ നാണംകെട്ടൊരു വിവേചനം സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്നത്. ഈ ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവും ഇല്ല. അഞ്ച് വര്‍ഷം മുന്‍പ് അധികാരമേല്‍ക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു.  കാര്‍ഷികവിളകള്‍ക്ക് മിനിമം വിലയടക്കം പലതും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതില്‍ എന്തെങ്കിലുമൊന്ന് നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. 

എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന ദുരിതത്തിന് കാരണം യുപിഎ സര്‍ക്കാരിന്‍റെ നയങ്ങളായിരുന്നുവെന്ന് രാഹുലിന് മറുപടി നല്‍കിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെട്ടെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു. ആറായിരം രൂപയുടെ സാമ്പത്തിക സഹായം അടക്കം പല പദ്ധതികളും ഇടക്കാല ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച കാര്യവും രാജ്നാഥ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

Follow Us:
Download App:
  • android
  • ios