'മോദിക്കും ഇതുപോലൊരെണ്ണം ഉണ്ട്, പക്ഷെ...'! റിമോട്ട് കൺട്രോൾ പൊക്കിപ്പിടിച്ച് രാഹുൽ ഗാന്ധിയുടെ വിമർശനം
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ദില്ലി:തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിമോട്ട് കൺട്രോൾ വഴിയായിരുന്നു അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഈ റിമോട്ട് കൺട്രോൾ പൊക്കിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ വിമർശനങ്ങൾ ഉന്നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇങ്ങനെ ഒരു റിമോട്ട് കൺട്രോൾ ഉണ്ട്. എന്നാൽ അദ്ദേഹം അത് 'രഹസ്യമായി' മാത്രമേ അമർത്തുകയുള്ളൂ.'നമ്മൾൾ തുറന്ന സ്ഥലത്ത് വച്ച് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുന്നു. എന്നാൽ ബിജെപി അത് രഹസ്യമായി അമർത്തുകയും, പിന്നാലെ അദാനിക്ക് മുംബൈ വിമാനത്താവളം ലഭിക്കുകയും ചെയ്യുന്നു. പൊതുമേഖല സ്വകാര്യവൽക്കരിക്കപ്പെടുന്നു. ലോകസഭയിൽ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചപ്പോൾ എനിക്ക് മറുപടി ലഭിച്ചു, എന്റെ ലോകസഭാ അംഗത്വം റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി കോൺഗ്രസിനെ 'തുരുമ്പിച്ച ഇരുമ്പ്' വിശേഷിപ്പിച്ചതിന് പിന്നാലെ ആയിരുന്നു രാഹുലിന്റെ പ്രത്യാക്രമണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ബിജെപി ഭരണത്തിന് കീഴിൽ 13.5 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയപ്പോൾ, സമ്പന്നമായ വിഭവങ്ങളുള്ള മധ്യപ്രദേശിനെ കോൺഗ്രസ് പിന്നാക്ക സംസ്ഥാനത്തിലേക്ക് തള്ളിവിട്ടു. 'നാരി ശക്തി'യുടെ യതാർത്ഥ ശക്തി മനസ്സിലാക്കിയ 'ഘമാണ്ഡിയ' ബ്ലോക്കിലെ കോൺഗ്രസും സഖ്യകക്ഷികളും വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Read more: വനിത സംവരണ ബിൽ: 'ഇന്ത്യ' സഖ്യം ബില്ലിനെ പിന്തുണച്ചത് അർദ്ധ മനസോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വനിതാ സംവരണ ബില്ലിനുള്ള മറുപടിയായി ലോകസഭയിൽ പറഞ്ഞത് ആവർത്തിച്ച രാഹുൽ, ജാതി സെൻസസ് രാജ്യത്തിന്റെ എക്‌സ്‌റേയാണെന്ന് പറഞ്ഞു. ദലിതർ, ഒബിസി, എസ്‌സി/എസ്ടി വിഭാഗങ്ങൾ എത്ര പേരുണ്ടെന്ന് അത് തീരുമാനിക്കും. എന്നാൽ സർക്കാർ ജാതി സെൻസസിൽ നിന്ന് ഒളിച്ചോടുകയാണ് ബിജെപി. കോൺഗ്രസ് സർക്കാർ ജാതി സെൻസസ് നടത്തും. ഇത് എന്റെ വാഗ്ദാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ എല്ലാ സംസ്ഥാനങ്ങളിലും പൊതുജനങ്ങളാണ് ഭരണത്തിൽ ചുക്കാൻ പിടിക്കുന്നത്. നമ്മുടെ സർക്കാരുകൾ അദാനി അല്ല ഭരിക്കുന്നത്. ഞങ്ങളുടെ എല്ലാ റിമോട്ട് കൺട്രോളുകളും പൊതുജനങ്ങൾക്ക് കാണാനുള്ളതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം