ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് ബിജെപി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ആർഎസ്എസിനെ 'രാഷ്ട്രീയ സറണ്ടർ സംഘം' എന്ന് വിശേഷിപ്പിച്ച രാഹുൽ, റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയെന്നും ആരോപിച്ചു. വിവാദമായതോടെ റാം മാധവ് തൻ്റെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി.
ദില്ലി: ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് മുതിർന്ന ബിജെപി നേതാവ് രാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിനെ "രാഷ്ട്രീയ സറണ്ടർ സംഘം" എന്ന് വിശേഷിപ്പിക്കുകയും റാം മാധവ് ആർഎസ്എസിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയെന്ന് ആരോപിക്കുകയും ചെയ്തു. നാഗ്പൂരിൽ വ്യാജ ദേശീയത, യുഎസ്എയിൽ ശുദ്ധമായ അടിമത്തം- രാഹുൽ കുറിച്ചു. സംഘത്തിന്റെ യഥാർത്ഥ സ്വഭാവം മാത്രമാണ് രാം മാധവ് വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള എണ്ണ വാങ്ങൽ നിർത്തിവച്ചതിലൂടെ ഇന്ത്യ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിച്ചുവെന്ന് റാം മാധവ് ടിവി പരിപാടിയിൽ പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തി. മുൻ നയതന്ത്രജ്ഞ എലിസബത്ത് ത്രെൽകെൽഡും മുൻ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർട്ട് കാംബെല്ലും പങ്കെടുത്ത ചർച്ചയിലാണ് റാം മാധവ് ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ 50 ശതമാനം താരിഫിന് സമ്മതിച്ചു. പുതിയ വ്യാപാര കരാറിലും മുമ്പത്തേതിനേക്കാൾ 18 ശതമാനം താരിഫിന് ഞങ്ങൾ സമ്മതിച്ചു. അപ്പോൾ, അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യ എവിടെയാണ് പിന്നിലായിരിക്കുന്നത്? ഇന്ത്യ വേണ്ടത്ര കാര്യങ്ങൾ ചെയ്യാത്ത പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും റാം മാധവ് ചോദിച്ചു. മാധവിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ്, നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായി തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു.
പ്രധാനമന്ത്രി മോദി വാഷിംഗ്ടണിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണെന്നും കെസി വേണുഗോപാൽ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഒരുകാലത്ത് യുഎസിന്റെ ഏഴാമത്തെ കപ്പൽപ്പട ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്നു. ഇന്ത്യ അതിന് വഴങ്ങിയില്ല. ഇന്ന് ഒരു വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി ഇന്ത്യയുടെ പരമാധികാരം യുഎസിന് കൈമാറിയ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി റാം മാധവ് രംഗത്തെത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചില്ലെന്നും ഞാൻ പറഞ്ഞത് തെറ്റായിരുന്നുവെന്നും 50 ശതമാനം താരിഫ് ഏർപ്പെടുത്തലിനെയും ഇന്ത്യ ശക്തമായി എതിർത്തുവെന്നും അദ്ദേഹം പറഞ്ഞു.
