വൻ ആവേശമുയർത്തി രാഹുൽ ഗാന്ധിയുടെ ബിഹാറിലെ വോട്ട് അധികാർ യാത്ര പാട്നയിൽ സമാപിച്ചു.15 ദിവസം കൊണ്ട് 100ലധികം മണ്ഡലങ്ങളിലൂടെ 1300 കിമീ പിന്നിട്ടാണ് യാത്ര പാറ്റ്നയിലെത്തിയത്. ഇന്ത്യ സഖ്യം പാർട്ടികളുടെ നേതാക്കൾ എല്ലാം രാഹുലിനൊപ്പം ഇന്ന് യാത്രയുടെ ഭാഗമായി

പാട്ന: ബിഹാറിൽ വൻ ആവേശമുയർത്തി രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചു. വോട്ട് മോഷണത്തിൽ വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് സമാപന സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ എല്ലാം യാത്രയിൽ ഇന്ന് രാഹുലിനൊപ്പം ചേർന്നു. ഇന്ത്യ സഖ്യത്തിന്‍റെ ശക്തി പ്രകടനമായി മാറുകയായിരുന്നു പാറ്റ്നയിലെ വോട്ട് അധികാർ യാത്ര. 15 ദിവസം കൊണ്ട് 100ലധികം മണ്ഡലങ്ങളിലൂടെ 1300 കിമീ പിന്നിട്ടാണ് യാത്ര പാറ്റ്നയിലെത്തിയത്. രാവിലെ ഗാന്ധി മൈതാനത്ത് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെ യാത്രയ്ക്ക് തുടക്കമായി. ഇന്ത്യ സഖ്യം പാർട്ടികളുടെ നേതാക്കൾ എല്ലാം രാഹുലിനൊപ്പം ഇന്ന് യാത്രയുടെ ഭാഗമായി. 

കേരളത്തിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമാപന യാത്രയിൽ ആവേശമുയർത്തി. ഉച്ചയ്ക്ക് സമാപന സമ്മേളനത്തിലാണ് വോട്ട് മോഷണത്തിൽ കൂടുതൽ ഗൗരവമുള്ള കണ്ടെത്തലുകൾ വൈകാതെ പുറത്ത് വിടുമെന്ന് രാഹുൽ പ്രഖ്യാപിച്ചത്. ജനപിന്തുണ കൊണ്ടും രാഹുൽ ഉയർത്തിയ വോട്ട് ചോരി ആരോപണത്തിനു ലഭിച്ച സ്വീകാര്യത കൊണ്ടും യാത്ര വൻ വിജയമായി എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. യാത്ര ജനങ്ങളുടെ മനസിലേക്ക് ഇറങ്ങി ചെന്നുവെന്ന് സിപിഎം ജന സെക്ര എംഎ ബേബി പറഞ്ഞു. യാത്ര സൃഷ്ടിച്ച തരംഗം വോട്ടായി മാറുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിൽ പ്രതിപക്ഷത്തിന്‍റെ ഐക്യ കാഹളം മുഴക്കിയാണ് വോട്ട് ആധികാർ യാത്ര സമാപിക്കുന്നത്. യാത്ര കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്.