2013ൽ നടന്ന ചിന്തൻ ശിബിരത്തിലാണ് രാഹുൽ ഗാന്ധി ആദ്യമായി പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ, വൈകാതെ അധ്യക്ഷനുമായി.
ഉദയ്പുർ: രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. മാറിയ കാലത്ത് പാർട്ടിയെ നയിക്കാൻ രാഹുലിനേ കഴിയൂവെന്ന് ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു വി കെ ശ്രീകണ്ഠന്‍റെ പ്രതികരണം. ചിന്തൻ ശിബിരത്തോടെ പാർട്ടിയുടെ നിർവീര്യമായ മേഖലകൾ ഉണരണമെന്ന് അടൂർ പ്രകാശും തെറ്റായ പ്രവണതകൾ മാറണമെന്ന് ജെബി മേത്തറും പറഞ്ഞു. എഎപിയും ടിആർഎസുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിർദേശമുയർന്നു. രാഹുൽ അധ്യക്ഷനായി തിരിച്ചെത്തണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആഗ്രഹമെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയും പറഞ്ഞിരുന്നു.

ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കമാകുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരത്തിൽ ചർച്ചയാകും. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ തന്നെ വരണമെന്നാണ് നേതാക്കൾ അഭിപ്രായം. സംഘടനാപരമായി പുതുജീവൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കമാകുന്നത്.
ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധിയും സംഘവും ട്രെയിനിലാണ് പുറപ്പെട്ടത്. ജയറാം രമേശ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുലിനൊപ്പമുണ്ട്. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ട്രെയിൻ യാത്രയെന്നാണ് കോൺഗ്രസ് പറയുന്നത്. രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാഹുലാണ് നേതാവെന്നും കൃത്യമായ സമയത്ത് കൃത്യമായ ഉത്തരം കിട്ടുമെന്നും സുർജേവാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം; രാഹുൽ അധ്യക്ഷനാകണമെന്ന് നേതാക്കൾ
2019ലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് രാഹുൽ സ്ഥാനമൊഴിഞ്ഞത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് പാർട്ടിയെ നയിക്കാൻ ആളെത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ൽ നടന്ന ചിന്തൻ ശിബിരത്തിലാണ് രാഹുൽ ഗാന്ധി ആദ്യമായി പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ, വൈകാതെ അധ്യക്ഷനുമായി. എന്നാൽ 2014, 2019 തെരഞ്ഞെടുപ്പുകളിൽ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. സോണിയാ ഗാന്ധിയാണ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തുടരുന്നത്.

