Asianet News MalayalamAsianet News Malayalam

ഹഥ്റാസിലേക്ക് പുറപ്പെട്ട പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞു, വൻ പൊലീസ് സന്നാഹം, നാടകീയം

ഇതിന് മുമ്പ് ഹഥ്റാസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും ദില്ലിയിൽ നിന്ന് യുപിയിലേക്ക് കടക്കുന്ന വഴി ഗ്രേറ്റർ നോയ്ഡയിലെ യമുന എക്സ്പ്രസ് വേയിൽ വച്ചാണ് യുപി പൊലീസ് തടഞ്ഞത്. 

rahul started journey to hathras along with priyanka delhi noida road closed by police
Author
New Delhi, First Published Oct 3, 2020, 3:45 PM IST

ദില്ലി: രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും 32 എംപിമാരും ഹഥ്റാസിലേക്ക് പുറപ്പെട്ടു. പ്രിയങ്കാ ഗാന്ധിയുടെ കാറിലാണ് ഇവർ ഹഥ്റാസിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കെ സി വേണുഗോപാലും ശശി തരൂരുമടക്കമുള്ള എംപിമാർ പ്രത്യേക വാഹനത്തിൽ ഇവരെ അനുഗമിക്കുന്നു. പ്രിയങ്കയും രാഹുലും വരുന്നത് കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് ദില്ലി - യുപി അതിർത്തിയായ നോയ്‍ഡയിൽ ഒരുക്കിയിരിക്കുന്നത്. ദില്ലി - നോയ്‍ഡ പാത പൊലീസ് അടച്ചിട്ടു. സ്ഥലത്ത് വൻ നാടകീയസംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യതയാണ് കാണുന്നത്.

പ്രിയങ്കയാണ് വാഹനമോടിക്കുന്നത്. മുൻസീറ്റിൽ രാഹുലുമുണ്ട്. ദൃശ്യങ്ങൾ:

ഇതിന് മുമ്പ് ഹഥ്റാസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും ദില്ലിയിൽ നിന്ന് യുപിയിലേക്ക് കടക്കുന്ന വഴി ഗ്രേറ്റർ നോയ്ഡയിലെ യമുന എക്സ്പ്രസ് വേയിൽ വച്ചാണ് യുപി പൊലീസ് തടഞ്ഞത്. ഇത്തവണ യമുന എക്സ്പ്രസ് വേയിലേക്ക് കടക്കാൻ പോലും അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തോടെ, ദില്ലിയിൽ നിന്ന് നോയ്‍ഡയിലേക്ക് കടക്കുന്ന പാതയിൽത്തന്നെ പൊലീസ് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് വാഹനത്തിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ നടന്ന് പോകും എന്നാണ് രാഹുലിന്‍റെയും പ്രിയങ്കയുടെയും കോൺഗ്രസ് നേതാക്കളുടെയും പ്രഖ്യാപനം. നോയ്‍ഡയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ ദൂരമുണ്ട് ഹഥ്റാസിലേക്ക്. 

വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇതിന് മുമ്പ് ഹഥ്റാസിലേക്ക് പുറപ്പെട്ടത്. എന്നാൽ ദില്ലി - യുപി അതിർത്തിയിലുള്ള ഗ്രേറ്റർ നോയ്ഡയിൽ യമുന എക്സ്പ്രസ് വേയിലേക്ക് കടക്കുമ്പോൾത്തന്നെ ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. തിരികെപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലും പ്രിയങ്കയും ഇറങ്ങി നടക്കാൻ തുടങ്ങി. പൊലീസ് വീണ്ടും തടഞ്ഞു. ഉന്തും തള്ളുമായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ലാത്തിച്ചാർജുണ്ടായി. രാഹുൽ ഉന്തിലും തള്ളിലും താഴെ വീണു. തുടർന്ന് പൊലീസ് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു. ഇന്നലെ ഹഥ്റാസിലെത്തിയ തൃണമൂൽ എംപിമാരെയും പൊലീസ് സമാനമായ രീതിയിൽ കയ്യേറ്റം ചെയ്തിരുന്നു. ഡെറക് ഒബ്രയൻ എംപിയെ ഉന്തിത്തള്ളി താഴെയിട്ടു പൊലീസ്. സ്ഥലത്ത് സംഘർഷവുമുണ്ടായി.

അത്തരം നാടകീയസംഭവങ്ങൾ വീണ്ടും ആവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് തീർത്തും ദുർബലമായ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ പ്രതിരോധിക്കാനും എതിർക്കാനുമുള്ള വലിയ രാഷ്ട്രീയായുധം കൂടിയാണ് ഹഥ്റാസ് സംഭവം പ്രിയങ്കയ്ക്ക്. അത് പരമാവധി ഉപയോഗിക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്ന് തീർച്ചയാണ്. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്ത ചുരുക്കം പ്രതിഷേധങ്ങളിലൊന്നാണ് ഹഥ്റാസ് സംഭവത്തിലേത്. 

നോയ്‍ഡയിൽ നിന്നുള്ള തത്സമയസംപ്രേഷണം:

 

Follow Us:
Download App:
  • android
  • ios