ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ മുന്നിറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിട്ടുള്ളത്. 11 ജില്ലകളില്‍ സാധാരണ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപേട്ട്, വെല്ലൂര്‍, തെങ്കാശി ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇന്നലെ രാത്രിയിലും ചെന്നൈയിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്തു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ചെന്നൈ അടക്കമുള്ള ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇത് മുൻനിർത്തി ചെന്നൈ അടക്കം നാളെ 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രെയിനുകൾ റദ്ദാക്കി
ഡിസംബർ 3 മുതൽ 6 വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ 144 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. നിസാമുദ്ദീൻ ചെന്നൈ തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ഗയ ചെന്നൈ എക്സ്പ്രസ്, ബറൗണി - കോയമ്പത്തൂർ സ്പെഷ്യൽ ട്രെയിൻ, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, പട്ന-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ബെംഗളൂരു-ഹൗറ വീക്ക്ലി സൂപ്പർ ഫാസ്ട്രം എക്സ്പ്രസ് ന്യൂഡൽഹി-കേരള എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
