ജയ്‌പൂർ: രാജസ്ഥാനിൽ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാതിരുന്ന രണ്ട് ബിജെപി നേതാക്കൾക്ക് കനത്ത പിഴ ചുമത്തി. വസതിയിൽ താമസിക്കുന്നതിന് ദിവസം 10000 രൂപയാണ് കോൺഗ്രസ് സർക്കാർ പിഴ ചുമത്തിയിരിക്കുന്നത്.

ബിജെപി നേതാവും രാജ്യസഭാംഗവുമായ കിരോദി ലാൽ മീണ, എംഎൽഎ നർപത് സിംഗ് രാജ്‌വി എന്നിവരോട് ഔദ്യോഗിക വസതി ആഗസ്റ്റ് 23 ന് മുൻപ് ഒഴിയണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് വിസമ്മതിച്ച സാഹചര്യത്തിൽ ഇന്ന് വരെ മൂന്നര ലക്ഷം രൂപയാണ് ഇരുവരും പിഴയായി ഒടുക്കേണ്ടത്.

കോൺഗ്രസ് എംഎൽഎമാർക്കാണ് ഈ വസതികൾ ഉപയോഗിക്കാൻ സർക്കാർ വിട്ടുനൽകിയത്. എന്നാൽ ബിജെപി നേതാക്കൾ തയ്യാറായില്ല. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയും ആയിരുന്ന ഭൈറോൺ സിംഗ് ശെഖാവത്തിന്റെ മകനാണ് രാജ്‌വി. 

ഭൈറോൺ സിംഗ് ശെഖാവത്തിന് അനുവദിച്ചതായിരുന്നു ജയ്‌പൂരിലെ സിവിൽ ലൈൻസ് 14 ലെ വസതി. ശെഖാവത്ത് മരിച്ചപ്പോൾ വസതി ഭാര്യയ്ക്ക് വേണ്ടി വിട്ടുനൽകി. 2014 ൽ ഇവരും മരിച്ചതോടെ വീട്ടിൽ താമസിക്കുന്നവരോട് വീടൊഴിയാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന് കൃത്യമായി വാടക നൽകുന്നുണ്ടെന്ന് വ്യക്തമാക്കി രാജ്‌വി വസതി ഉപയോഗിച്ചുപോന്നു. 

ഈ വസതി കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ശർമ്മയ്ക്കാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഒക്ടോബർ മാസം വരെയുള്ള വാടക അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി രാജ്‌വിയും മകൻ അഭിമന്യുവും വീടൊഴിയാൻ വിസമ്മതിച്ചു. മാത്രമല്ല, സീനിയോറിറ്റ് പരിഗണിച്ച് വീട് തങ്ങൾക്ക് വിട്ടുനൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

രാജസ്ഥാൻ മുൻ മന്ത്രി കൂടിയായ ഗോൽമ ദേവിയാണ് കിരോദി ലാൽ മീണയുടെ ഭാര്യ. ഗോൽമയ്ക്ക് 2008-13 കാലത്ത് മന്ത്രിയായിരിക്കെയാണ് സർക്കാർ വസതി അനുവദിച്ചത്. ഈ വസതിയും ഒഴിയണമെന്നാണ് സർക്കാർ നിലപാട്.  രാജസ്ഥാനിൽ ആഗസ്റ്റിൽ പാസാക്കിയ രാജസ്ഥാൻ മന്ത്രിമാരുടെ വേതന ഭേദഗതി നിയമം 2019 പ്രകാരം മുൻ മന്ത്രിമാർ തങ്ങളുടെ കാലാവധി കഴിഞ്ഞ്, രണ്ട് മാസത്തിന് ശേഷവും സർക്കാർ അനുവദിച്ച ബംഗ്ലാവുകൾ ഉപയോഗിക്കുകയാണെങ്കിൽ പ്രതിദിനം 10000 രൂപ നൽകണം.