ജയ്‍പൂര്‍: ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന ‘സതി’ എന്ന ദുരാചാരം പ്രതിധാനം ചെയ്യുന്ന ചിതം രാജസ്ഥാൻ സർക്കാർ  പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്തു. എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നാണ് ചിത്രം നീക്കം ചെയ്തത്. സംസ്ഥാനം ഭരിക്കുന്ന കോൺ​ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽനിന്നും ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ബിജെപി സർക്കാരാണ് പാഠപുസ്തകത്തിൽ സതിയുടെ ചിത്രം ഉൾപ്പെടുത്തിയത്.  

പാഠപുസ്‍തകത്തിൽ ഉൾപ്പെടുത്തിയ സതിയുടെ ചിത്രം നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിം​ഗ് ദൊതാസ്ര ചൂണ്ടിക്കാട്ടി. നിലവിൽ കുന്നിന്‍ മുകളിലെ ഒരു കോട്ടയുടെ ചിത്രമാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്റെ സംസ്ക്കാരം ലോകത്തിന് മുന്നിൽ വിളിച്ചോതുന്നതാണ് നിലവിലെ ചിത്രമെന്ന് ദൊതാസ്ര പറഞ്ഞു. 

രാജ്യത്ത് നിരോധിച്ച ദുരാചാരമായി സതിയുടെ ചിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ബിജെപിയുടെ തീരുമാനം വളരെ ​കടുത്തതാണ്. രാജ് സർക്കാർ എന്തിനാണ് സതിയെ ഇത്രമാത്രം പ്രകീര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സതിയെന്ന ദുരാചാരത്തെ രാജ്യത്ത് പ്രചരിപ്പിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും ദൊതാസ്ര പറഞ്ഞു.

അതേസമയം ദൊതാസ്രയുടെ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ ബിജെപി എംഎൽഎയും ജയ്പൂർ രാജകുടുംബത്തിലെ അം​ഗവുമായി ദിയ കുമാരി രം​ഗത്തെത്തി. മഹാറാണ പ്രതാപ്, വിവാദ തീവ്രഹിന്ദുത്വ നേതാവ് സവര്‍ക്കര്‍, റാണി സതി എന്നിവരുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യുന്നത് അവരോടുള്ള നിന്ദയാണെന്ന് ദിയ കുമാരി പ്രതികരിച്ചു. 

എന്നാൽ മഹാറാണ പ്രതാപ്, വിഡി സവാർക്കർ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ട ഭാ​ഗങ്ങൾ മാറ്റിയെഴുതിയത് നല്ല പ്രവർത്തിയാണെന്നായിരുന്നു ദിയ കുമാരിക്ക് ദൊതാസ്ര നൽകിയ മറുപടി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സ്വയം തീയിൽച്ചാടി മരിക്കുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനാകില്ല. അമേരിക്കയിലെ അറിയപ്പെടുന്ന കോളേജുകളില്‍ പോയി പെണ്‍കുട്ടികള്‍ പഠിക്കുന്നത് കാണാനാണ് താല്‍പര്യപ്പെടുന്നതെന്നും ദൊതാസ്ര പറഞ്ഞു.