രാജസ്ഥാൻ: സവർക്കറിനെക്കുറിച്ച് സെമിനാർ നടത്തുന്നതിനുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐസിഎച്ച്ആർ) നിർദ്ദേശം നിരസിച്ച് രാജസ്ഥാൻ യൂണിവേഴ്സിറ്റി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ പാഠപുസ്തകങ്ങളിൽ സവർക്കറിന്റെ പേരിന് മാറ്റം വരുത്തിയിരുന്നു. സവർക്കറിന്റെ പേരിന് മുന്നിലുള്ള വീർ എന്ന വിശേഷണം എടുത്തുമാറ്റി വി ഡി സവർക്കർ എന്ന്  കോൺ​ഗ്രസ് സർക്കാർ മാറ്റം വരുത്തിയിരുന്നു.

സവർക്കറെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കാൻ തങ്ങൾ രാജസ്ഥാൻ യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും അവർ അത് നിരസിക്കുകയാണുണ്ടാതെന്ന് ഐസിഎച്ച്ആർ ന്റെ ഔദ്യോ​ഗിക വക്താവ് സാക്ഷ്യപ്പെടുത്തുന്നു.  എന്നാൽ ഒരു വിവാദം സൃഷ്ടിക്കാൻ തങ്ങൾ ആ​ഗ്രഹിക്കുന്നില്ല എന്ന് രാജസ്ഥാൻ യൂണിവേഴ്സിറ്റി ചരിത്ര വിഭാ​ഗം മേധാവി ഡോക്ടർ പ്രമിള പുനിയ പ്രതികരിച്ചു. ​

ഗാന്ധിജിയെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ ഐസിഎച്ച് ആർ അം​ഗങ്ങളും പങ്കെടുത്തിരുന്നു. അന്ന് സവർക്കറിനെക്കുറിച്ച് സെമിനാർ നടത്തുമെന്ന പരാമർശിച്ചിരുന്നു. ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചിരുന്നെങ്കിൽ ആലോചിച്ച് തീരുമാനമെടുക്കുമായിരുന്നു ഇക്കാര്യം പൂർണ്ണമായും നിഷേധിച്ചിട്ടില്ല. ആലോചിച്ച് തീരുമാനമെടുക്കാൻ ഒരു മാസം വേണമെന്ന് പറഞ്ഞിരുന്നു. ഡോക്ടർ പ്രമിള പുനിയ വിശദീകരിക്കുന്നു. ദേശീയ തലത്തിലുള്ള രണ്ട് സെമിനാർ ഇടവേളകളില്ലാതെ നടത്തുന്നതിൽ യൂണിവേഴ്സിറ്റിക്ക് ബുദ്ധിമുട്ടുളളതായും ഇവർ പറഞ്ഞു. 

ജയ്പൂർ, ​ഗുവാഹത്തി, പോർ‌ട്ട്ബ്ലയർ, പൂന എന്നിവിടങ്ങളിൽ ഐസിഎച്ച് ആർ സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. ദ് ട്രൂത്ത് എബൗട്ട് സവർക്കർ എന്ന വിഷയത്തിലാണ് തിങ്കളാഴ്ച ദില്ലിയിൽ സെമിനാർ സംഘടിപ്പിക്കാനിരുന്നത്. കേന്ദ്രം ഫണ്ടുള്ള സ്വയംഭരണസ്ഥാപനമാണ് ഐസിഎച്ച് ആർ.  സെമിനാർ സംഘടിപ്പിക്കാൻ അനുയോജ്യമായ സ്ഥലം അന്വഷിക്കുന്നതായും ഐസിഎച്ച്ആർ വക്താവ് പറഞ്ഞു.

രാജസ്ഥാനിലെ സർക്കാർ പാഠപുസ്തകങ്ങളിൽ നിന്ന് അശോക് ​ഗെഹ്ലോട്ട് ആണ് സവർക്കറിന്റെ പേരിന് മാറ്റം വരുത്തിയത്. പന്ത്രണ്ടാം ക്ലാസ്സിലെ ചരിത്രപുസ്തകത്തിൽ നിന്നാണ് വീര സവർക്കർ‌ എന്ന് മാറ്റി വിഡി സവർക്കർ എന്നാക്കി മാറ്റി. ജയിലിലെ പീഡനം സഹിക്കാൻ സാധിക്കാതെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകി സവർക്കർ എങ്ങനെയാണ് ജയിൽ മോചിതനായത് എന്ന് പുതിയ പാഠഭാ​ഗത്ത് ഉൾപ്പെടുത്തിയിരുന്നു. 1911 ൽ നാല് മാപ്പ് അപേക്ഷകൾ സവർക്കർ എഴുതി നൽകിയതായും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.