ദില്ലി: അയോധ്യ കേസിന്‍റെ വാദം അവസാനദിനത്തിലേക്ക് കടക്കുമ്പോൾ സുപ്രീംകോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ. രാമജന്മഭൂമിയുടെ സ്ഥാനം അടയാളപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ഹാജരാക്കിയ പുസ്തകങ്ങളും രേഖകളും മാപ്പുകളും സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ വലിച്ച് കീറി. അടുത്ത കാലത്ത് എഴുതിയ ഇത്തരം പുസ്തകങ്ങളൊക്കെ എങ്ങനെ തെളിവായി എടുക്കുമെന്ന് രാജീവ് ധവാൻ കോടതിയോട് ചോദിച്ചു. നിങ്ങളിങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എഴുന്നേറ്റ് പോകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, കോടതിയുടെ സമയം പാഴാക്കരുതെന്നും, ഇന്ന് വൈകിട്ട് 5 മണിക്ക് ഉള്ളിൽത്തന്നെ വാദങ്ങൾ അവസാനിപ്പിക്കണമെന്നും അഭിഭാഷകർക്ക് കർശനനിർദേശം നൽകി.

നാടകീയം, അതൃപ്തിയോടെ ചീഫ് ജസ്റ്റിസ് 

അവസാനനിമിഷം വരെ നാടകീയത നിറഞ്ഞു നിന്ന വാദങ്ങളാണ് അയോധ്യ കേസിൽ സുപ്രീംകോടതിയിൽ നടന്നത്. ഓൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ അഭിഭാഷകനായ വികാസ് സിംഗാണ് ഇന്ന് കോടതിയിൽ രണ്ടാമത് വാദിച്ചത്. ആദ്യം വാദിച്ചത് ഹിന്ദുസംഘടനയായ ഗോപാൽ സിംഗ് വിശാരദിന്‍റെ അഭിഭാഷകൻ രഞ്ജിത് കുമാറാണ്.

മുതിർന്ന അഭിഭാഷകനായ വികാസ് സിംഗ് തനിക്ക് ചില രേഖകൾ കോടതിയ്ക്ക് മുമ്പാകെ സമർപ്പിക്കാനുണ്ട് എന്ന് പറഞ്ഞു. എന്താണത് എന്ന് കോടതി. അയോധ്യ റീവിസിറ്റഡ് (അയോധ്യയെ വീണ്ടും കാണുമ്പോൾ) എന്ന കുനാൽ കിഷോറിന്‍റെ പുസ്തകമാണത് എന്ന് വികാസ് സിംഗ്. 

Image

'ഇത് അനുവദിക്കരുത് യുവർ ഓണർ' എന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ അപ്പോൾത്തന്നെ എണീറ്റ് നിന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇതിൽ രാമജന്മഭൂമി എവിടെയെന്ന് അടയാളപ്പെടുത്തിയ പൗരാണികമായ ഒരു ഭൂപടമുണ്ടെന്ന് വികാസ് സിംഗ്. അടുത്ത കാലത്ത് എഴുതപ്പെട്ട പുസ്തകത്തിൽ എന്ത് ഭൂപടമെന്ന് രാജീവ് ധവാൻ. ഇത്തരം ഭൂപടങ്ങളെയൊക്കെ എങ്ങനെ കണക്കിലെടുക്കാനാകുമെന്നും രേഖയായി കണക്കാക്കാനാകുമെന്നും രാജീവ് ധവാന്റെ ചോദ്യം. 

'ഇതൊക്കെ വലിച്ച് കീറിക്കളയേണ്ടതാണെന്ന്' രാജീവ് ധവാൻ. 'എങ്കിൽ കീറൂ' എന്ന് ചീഫ് ജസ്റ്റിസ്. കോടതിയ്ക്ക് മുന്നിൽ വച്ച് രേഖകളും പുസ്തകങ്ങളും രാജീവ് ധവാൻ കീറിയെറിഞ്ഞു. 'ഇതെന്താണ്, ഇങ്ങനെയെങ്കിൽ ഞങ്ങൾ ഇവിടെ നിന്ന് എണീറ്റ് പോകുമെ'ന്ന് അതൃപ്തിയോടെ ചീഫ് ജസ്റ്റിസ്.

പ്രതിഷേധങ്ങളും എതിർപ്പും അറിയിക്കുന്നത് കോടതിയുടെ മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്ന നിലയ്ക്കല്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. 

തുടർന്ന് വാദം പൂർത്തിയാക്കിയ വികാസ് സിംഗ്, ഹിന്ദുക്കൾക്ക് പൂജിക്കാൻ ഒരു വിഗ്രഹം വേണമെന്നില്ലെന്നും, കൈലാസം പുണ്യഭൂമിയാകുന്നത് ശിവന്‍റെ വാസസ്ഥലം ആയതുകൊണ്ടാണെന്നും വാദിച്ചു. സമാനമായ രീതിയിൽ അയോധ്യയും പുണ്യഭൂമിയാണ്. അത് കണക്കാക്കണമെന്നും വികാസ് സിംഗിന്‍റെ വാദം. 

നിർമോഹി അഖാരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബാബർ അയോധ്യയിൽ വന്നതായി തെളിവുപോലുമില്ലെന്നും, ബാബറാണ് മസ്ജിദ് പണിഞ്ഞതെന്നതിന് മുസ്ലിം സംഘടനകളുടെ പക്കൽ തെളിവില്ലെന്നുമാണ് വാദിച്ചത്. എന്നും ബാബ്‍റി മസ്ജിദ് ഇരുന്നയിടം ക്ഷേത്രമായിരുന്നു. അത് പൊളിച്ച് ബാബർ പള്ളി പണിഞ്ഞെന്ന വാദം പോലും തെറ്റാണെന്നും ഭൂമി എന്നും ഹിന്ദുക്കളുടേതായിരുന്നുവെന്നുമാണ് അഖാരയുടെ വാദം.

(വാദം തുടരുകയാണ്)