Asianet News MalayalamAsianet News Malayalam

തേജസ് വിമാനത്തിലേറി പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്‍നാഥ് സിംഗ്

ജി-സ്യൂട്ട് ധരിച്ചാണ് ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ രാജ്‍നാഥ് സിംഗ് പറന്നത്. ബെംഗളുരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നായിരുന്നു രാജ്‍‍നാഥ് സിംഗിന്‍റെ പറക്കൽ.

Rajnath Singh Flies In Fighter Jet Tejas, First Defence Minister To Do So
Author
Bengaluru, First Published Sep 19, 2019, 10:55 AM IST

ബെംഗളുരു: ജി-സ്യൂട്ട് ധരിച്ച്, ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ പറന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. ഈ ഫൈറ്റർ ജെറ്റിൽ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രിയാണ് രാജ്‍നാഥ് സിംഗ്. ബെംഗളുരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നാണ് രാജ്‍നാഥ് സിംഗ് തേജസ് വിമാനത്തിൽ സഞ്ചരിച്ചത്. 

'ത്രില്ലടിപ്പിക്കുന്ന' അനുഭവമായിരുന്നു തേജസിലെ ഈ പറക്കലെന്ന് രാജ്നാഥ് സിംഗ് പിന്നീട് ട്വീറ്റ് ചെയ്തു. 'നിർണായകമായ പല ശേഷികളും സ്വായത്തമാക്കിയ യുദ്ധവിമാനമാണ് തേജസ്. ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുന്നു' - രാജ്നാഥ് പറഞ്ഞു. 

68-കാരനായ രാജ്‍നാഥ് സിംഗ്, പൈലറ്റിന്‍റെ ജി-സ്യൂട്ട് വേഷത്തിലുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് എഴുതിയത് ''ഇനി പറക്കാം, എല്ലാം തയ്യാർ'' എന്നായിരുന്നു. വിമാനത്തിലേക്ക് പൈലറ്റിനൊപ്പം നടന്നു കയറിയ രാജ്നാഥ്, സ്വയം പിൻസീറ്റിലിരുന്ന്, സ്ട്രാപ്പ് ധരിച്ച് പറക്കാൻ തയ്യാറായി. ഒരു വെള്ള ഹെൽമെറ്റും, ഓക്സിജൻ മാസ്കും രാജ്‍നാഥ് ധരിച്ചിരുന്നു. പറക്കാൻ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പ് കാഴ്ചക്കാരെ നോക്കി അദ്ദേഹം കൈവീശി. 

തേജസിന്‍റെ പ്രവർത്തനമികവിനെക്കുറിച്ചും അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചും പൈലറ്റും, വ്യോമസേനാ ഉദ്യോഗസ്ഥരും രാജ്‍നാഥ് സിംഗിന് വിശദീകരിച്ചുകൊടുത്തു. 

കഴിഞ്ഞയാഴ്ചയാണ്, ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ്, ഗോവയിൽ വിജയകരമായി ''അറസ്റ്റഡ് ലാൻഡിംഗ്'' നടത്തിയത്. ഇത്തരത്തിലൊരു ലാൻഡിംഗ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫൈറ്റർ ജെറ്റാണ് തേജസ്. നാവികസേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് തേജസിനെ തയ്യാറാക്കുന്നതിൽ നിർണായകമായിരുന്നു ഈ ലാൻഡിംഗ് വിജയം. 

വ്യോമസേനയിൽ ഇപ്പോൾത്തന്നെ ഒരു ബാച്ച് 'തേജസ്' വിമാനങ്ങളുണ്ട്. കപ്പലുകളിൽ ഉപയോഗിക്കാവുന്ന തരത്തിൽ നാവികസേനയ്ക്ക് വേണ്ടിയുള്ള തേജസ് വിമാനങ്ങൾ ഇപ്പോൾ ഡിസൈനിംഗ് ഘട്ടത്തിലാണ്. 

തേജസ് വിമാനപ്പറക്കലിന് ശേഷം ഇന്ന് ഡിആർഡിഒ സംഘടിപ്പിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളുടെ പ്രത്യേക പ്രദർശനത്തിലും രാജ്‍നാഥ് സിംഗ് പങ്കെടുക്കും. 

ആദ്യഘട്ടത്തിൽ വ്യോമസേനയ്ക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡ് തയ്യാറാക്കി നൽകുന്നത് 40 തേജസ് വിമാനങ്ങളാണ്. കഴിഞ്ഞ വർഷം, 50,000 കോടി രൂപ ചെലവിൽ 83 തേജസ് വിമാനങ്ങൾ കൂടി തയ്യാറാക്കാൻ വ്യോമസേന എച്ച്എഎല്ലിന് ഓർഡർ നൽകിയിരുന്നു. 

കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന നിർമലാ സീതാരാമനും സുഖോയ് - 30 യുദ്ധവിമാനത്തിൽ സഞ്ചരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായിരുന്നു നിർമലാ സീതാരാമൻ. അന്ന് ജോധ്പൂർ എയർഫോഴ്സ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സുഖോയ് വിമാനത്തിൽ 45 മിനിറ്റ് നേരമാണ് നിർമലാ സീതാരാമൻ പറന്നത്. 

Follow Us:
Download App:
  • android
  • ios