ദില്ലി: വിവാദമായ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ അല്പസമയത്തിനകം പാസാക്കും. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങളാണ് അറങ്ങേറിയത്. ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഉപാധ്യക്ഷന് നേരെ പ്രതിപക്ഷം കൈയ്യേറ്റത്തിന് ശ്രമിച്ചു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ കൂടുതൽ മാർഷലുമാരെ വിളിപ്പിച്ചു. രാജ്യസഭ 10 മിനിറ്റ് നിര്‍ത്തി വച്ചു.

പ്രതിപക്ഷം കടുപ്പിക്കുന്നതിനിടയിലും ബില്ല് പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാർലമെന്‍റിൽ ഉറപ്പ് നല്‍കി. കർഷകരെ വിപണിയുടെ കയറ്റിറക്കങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്ന ആരോപണം കൃഷിമന്ത്രി തള്ളി. അതേസമയം, കർഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു. കോൺഗ്രസ് എംപി പ്രതാപ്സിംഗ് ബാജ്വയാണ് കർഷകരുടെ മരണവാണ്ടെന്നാണ് ബില്ലെന്നന് ആരോപിച്ചത്. കോറപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു.

ആദ്യ സർക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. സഖ്യകക്ഷികൾ എതിർത്താലും  പരിഷ്ക്കാര നടപടികളുമായി മുന്നോട്ട് പോകും എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. ഭാരത് ബന്തിന് കർഷകസംഘടനകൾ ആഹ്വാനം നല്കിയിരിക്കുമ്പോഴാണ് കാർഷിക ബില്ലുകൾ രാജ്യസഭയും കടക്കുന്നത്. ഇപ്പോൾ ചില സംസ്ഥാനങ്ങളിൽ ഒതുങ്ങി നില്ക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെടാൻ ഈ ബില്ലുകൾ ഇടയാക്കും.