ദില്ലി: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൂന്ന് വീതം സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ഇതോടൊപ്പം ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 

കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കുന്ന രാജസ്ഥാനിൽ അട്ടിമറി ഉണ്ടാവില്ലെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വേണുഗോപാലും രൺദീപ് സുർജെവാലയും ജയ്പൂരിൽ തങ്ങിയാണ് അട്ടിമറിക്കുള്ള നീക്കം പ്രതിരോധിക്കുന്നത്. കോൺഗ്രസ് എംഎൽഎമാരെ ഒരാഴ്ച മുമ്പ് റിസോർട്ടിലേക്ക് മാറ്റിയിരുന്നു. 

അതിർത്തിയിലെ സംഘർഷം: പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തോടെ കോണ്‍ഗ്രസ് ദുര്‍ബലമായ മധ്യപ്രദേശില്‍ ബിജെപിക്ക് രണ്ട് സീറ്റ് നേടാനുള്ള സാധ്യതയാണുള്ളത്. ഗുജറാത്തിൽ നാല് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച സാഹചര്യത്തിൽ നാലിൽ മൂന്ന് സീറ്റുകൾ ബിജെപിക്ക് കിട്ടാനാണ് സാധ്യത. മണിപ്പൂരില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിരേന്‍ സിങ്ങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.