ജയ്പൂര്‍: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മാണം നവംബര്‍ 17 ന് മുമ്പ് ആരംഭിക്കുമെന്ന് ബിജെപി നേതാവ്. രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ചന്ദ് പരാഖ് ആണ് രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. 

നവംബര്‍ 17നാണ് സുപ്രീംകോടതി രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിധി പുറപ്പെടുവിപ്പിക്കുക. ഇതിന് മുമ്പുതന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാലിയിലെ രാംലീല പരിപാടിയ്ക്ക് മുഖ്യാതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

കേസിലെ വിചാരണ ഒക്ടോബര്‍ 17ന് അവസാനിക്കുമെന്നും ഈ വര്‍ഷം നമുക്ക് അനുകൂലമായ വര്‍ഷമാണെന്നും പരാഗ് പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് 'വളരെ നല്ല വാര്‍ത്ത' കാത്തിരിക്കുന്നുവെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ വാക്കുകള്‍ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പരാഖിന്‍റെ പ്രസ്താവന.