പാറ്റ്ന: കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്. മത്സരിച്ച ആറ് സീറ്റുകളിലും വിജയിച്ച് എല്‍ജെപി സംസ്ഥാനത്തെ എന്‍ഡിഎ മുന്നണിയുടെ വിജയത്തില്‍ നിര്‍ണായകമായി. രാംവിലാസ് പാസ്വാന്‍റെ മകനും നടനുമായ ചിരാഗ് പാസ്വാനാണ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖന്‍. എല്‍ജെപിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാനാണ് ചിരാഗ് പാസ്വാന്‍.

പാര്‍ട്ടി വലിയ വിജയം സ്വന്തമാക്കിയതോടെ ബിജെപിയോട് 'വിലപേശലുമായി' രാംവിലാസ് പാസ്വാനും രംഗത്തെത്തി. 'പുതിയ മന്ത്രിസഭയില്‍ ചിരാഗ് ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും ആരാണ് മന്ത്രിയാകേണ്ടതെന്ന് ചിരാഗ് തീരുമാനിക്കും. മകന്‍ മന്ത്രിയാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയിലെ ഭുദിയോ ചൗദരിയെ 5.3 ലക്ഷം വോട്ടുകള്‍ക്കാണ് ചിരാഗ് പാസ്വാന്‍ പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ തുടങ്ങി വന്‍നിരയാണ് ചിരാഗിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്.