ദില്ലി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷട്രീയക്കാരനല്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് മുന്‍ ചീഫ് ജസ്റ്റിസ് തന്നെ രംഗത്തെത്തിയത്. തനിക്ക് അങ്ങനെ ഒരു ആഗ്രഹമോ ലക്ഷ്യമോ ഇല്ലെന്നും മത്സരിക്കാൻ ആരും തന്നോട് നിർദ്ദേശിച്ചിട്ടില്ലെന്നും മുന്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ പരിഗണന പട്ടികയിലുണ്ടെന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നുമായിരുന്നു മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തരുണ്‍ ഗൊഗൊയിയുടെ പ്രസ്താവന തള്ളി ബിജെപി തന്നെ രംഗത്തെത്തിയിരുന്നു. തരുണ്‍ ഗൊഗൊയിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും അര്‍ഥശൂന്യമായ ആളുകളുടെ ജല്‍പനമായി മാത്രമേ അദ്ദേഹത്തിന്‍റെ പ്രസ്താവനയെ കാണുന്നുള്ളു എന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജ്‌നീത് കുമാര്‍ ദാസിന്‍റെ പ്രതികരണം. രഞ്ജന്‍ ഗൊഗൊയ് നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആദ്യമായാണ്.