ദില്ലി: അയോധ്യ കേസില്‍ അസാധാരണ നടപടി. വാദം പൂര്‍ത്തിയായ അയോധ്യ കേസില്‍ നാളേയും കോടതി ചേര്‍ന്ന് നടപടികള്‍ തുടരും. മധ്യസ്ഥ സമിതി സമര്‍പ്പിച്ച റിപ്പോർട്ട് പരിഗണിക്കാനായാണ്  ഭരണഘടനാ ബഞ്ച് നാളെ യോഗം ചേരുന്നത്.  ചേംബറിലാവും ഭരണഘടന ബെഞ്ച് ചേരുകയെന്ന് സുപ്രീംകോടതി അഡീഷണല്‍ രജിസ്റ്റാര്‍ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു.  

വാദം കേട്ടു കഴിഞ്ഞ ഒരു കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വീണ്ടും ഇരിക്കുന്നത് അസാധാരണമായ സംഭവമാണ്. അയോധ്യ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാനായി മൂന്നംഗ സമിതിയെ നേരത്തെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മൂന്നംഗ സംഘത്തിലുണ്ടായിരുന്നത്. 

മധ്യസ്ഥ ചര്‍ച്ച ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് ചര്‍ച്ച പരാജയപ്പെട്ടതായി സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അയോധ്യ കേസില്‍ മധ്യസ്ഥ ചർച്ചകൾ സാഹോദര്യത്തിൻറെ അന്തരീക്ഷത്തിൽ നടന്നെന്ന‌ാണ് സമിതി അംഗം ശ്രീശ്രീ രവിശങ്കർ പിന്നീട് വ്യക്തമാക്കിയത്.

മധ്യസ്ഥ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്നംഗ സമിതി പിന്നീട് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് നാളെ പ്രത്യേക സിറ്റിംഗിലൂടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ഇതോടെ തര്‍ക്ക ഭൂമിയുടെ അവകാശിയാരെന്ന വിധിക്ക് പകരം ഒരു ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിക്കുമോ എന്ന ആകാംക്ഷയും ശക്തമാവുകയാണ്. 

അയോധ്യ കേസിലെ ചരിത്രപരമായ വാദം സുപ്രീംകോടതിയിൽ അവസാനിച്ചത് ഒത്തുതീർപ്പിനുള്ള സാധ്യത അടയാതെയാണെന്ന് നേരത്തെ തന്നെ നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമെങ്കിൽ കോടതി വിധിയിൽ ഈ മധ്യസ്ഥ സമിതിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്താമെന്നും ഇതിനു തടസ്സമില്ലെന്നും നിയമവിദഗ്ധർ പറയുന്നു.

അയോധ്യയിൽ വാദം ബുധനാഴ്ച അവസാനദിനത്തിലേക്ക് നീണ്ടപ്പോൾ സുന്നി വഖഫ് ബോർഡ് ഹർജി പിൻവലിക്കുന്നു എന്ന അഭ്യൂഹം രാവിലെ ശക്തമായിരുന്നു. എന്നാൽ അതുണ്ടായില്ല. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി അതേസമയം സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറി. ഒത്തുതീർപ്പിന്റെ എല്ലാ സാധ്യതകളും തള്ളാതെയാണ് ഈ റിപ്പോർട്ടെന്ന് ഒരു ഓൺലൈൻ മാധ്യമം പിന്നീട് റിപ്പോർട്ട് ചെയ്തു. 

അയോധ്യയിൽ മറ്റൊരു പള്ളി നിർമ്മിച്ചു നൽകുക അയോധ്യയിൽ തന്നെ 22 പള്ളികൾ പുതുക്കി നിർമ്മിക്കുക, കാശിയും മധുരയും ഉൾപ്പടെ മറ്റെല്ലാ സ്ഥലങ്ങളിലേയും പള്ളികൾക്ക് മേലുള്ള അവകാശവാദം ഹിന്ദുസംഘടനകൾ ഉപേക്ഷിക്കുക. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള പള്ളികളിൽ പ്രാർത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കുക. ഈ ഉപാധികൾ അംഗീകരിച്ചാൽ തർക്കഭൂമിയിലെ ക്ഷേത്രനിർമ്മാണത്തിന് ഭൂമി വിട്ടു നൽകാൻ വഖഫ് ബോർഡ് തയ്യാറാണെന്നാണ് റിപ്പോർട്ട്. അയോധ്യ തർക്കത്തിൽ കക്ഷികളായ ചില ഹിന്ദു സംഘടനകൾ ഇതിനോട് യോജിക്കാൻ തയ്യാറായെങ്കിലും വിശ്വഹിന്ദു പരിഷത്ത് പിന്തുണയുള്ള രാമജന്മഭൂമി ന്യാസ് ഉപാധികൾ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. 

ബുധനാഴ്ച വിചാരണ പൂർത്തിയായ അയോധ്യ കേസിൽ ഒരു മാസത്തിനു ശേഷമാകും സുപ്രീം കോടതി വിധി പറയുക. മധ്യസ്ഥ സമിതി നൽകുന്ന റിപ്പോർട്ട് കോടതി എങ്ങനെ കണക്കിലെടുക്കും എന്നതാണ് ഇനി അറിയേണ്ടത്. കോടതി ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരവിട്ടാൽ കക്ഷികളായ സംഘടനകൾ അത് അനുസരിക്കേണ്ടി വരും. ഒത്തുതീർപ്പിന്റെ പാതയോ അതോ ഭൂമിയുടെ ഉടമ ആരാണെന്ന തീർപ്പോ ? അന്തിമ വിധിയിൽ സുപ്രീകോടതി കാത്തുവയ്ക്കുന്നത് എന്തായിരിക്കും എന്നറിയാന്‍ വിധി ദിനം വരെ കാത്തിരിക്കാം.