മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ വച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞത്.

മുംബൈ: സൈലന്റ് വാലിയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വലിയ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ടാറ്റ ചെയർമാൻ രത്തൻ ടാറ്റയും രംഗത്തെത്തി. കരുതിക്കൂട്ടിയുള്ള കൊലപാതകമാണിതെന്ന് രത്തൻ ടാറ്റ ട്വീറ്റ് ചെയ്തു.

"പടക്കം വെച്ച പൈനാപ്പിൾ ഉപയോഗിച്ച് നിരപരാധിയായ ജീവിയെ കൊലപ്പെടുത്തിയതറിഞ്ഞ് ഞാൻ അതീവ ദുഃഖിതനാണ്. നിരപരാധികളായ മൃഗങ്ങൾക്ക് നേരെയുള്ള ഇത്തരം ക്രിമിനല്‍ നടപടികൾ കരുതിക്കൂട്ടിയുള്ള മനുഷ്യകൊലപാതകങ്ങളിൽ നിന്ന് ഭിന്നമല്ല. നീതി നിലനിൽക്കേണ്ടതുണ്ട്,"മൃഗസ്നേഹി കൂടിയായ രത്തൻ ടാറ്റ ട്വീറ്റ് ചെയ്തു. 

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. 

മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ വച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞത്. സ്‌ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞതിന് ശേഷമായിരുന്നു ചെരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

Scroll to load tweet…