Asianet News MalayalamAsianet News Malayalam

ഓപ്പറേഷന് വേണ്ടി സമാഹരിച്ച 2 ലക്ഷം രൂപ എലി കരണ്ടുനശിപ്പിച്ചു; കര്‍ഷകന് സഹായവുമായി മന്ത്രി

വീട്ടിലെ അലമാരയില്‍ ബാഗിലാക്കി സൂക്ഷിച്ച പണം എലി നശിപ്പിക്കുമെന്ന് വൃദ്ധ കര്‍ഷകന്‍ കരുതിയിരുന്നില്ല. എലി നശിപ്പിച്ച നോട്ടുകള്‍ മാറ്റി നല്‍കാന്‍ വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി മന്ത്രി എത്തിയത്.

rats chew money that farmer kept for treatment minister offers help in telangana
Author
Mahabubabad, First Published Jul 19, 2021, 1:40 PM IST

ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച്  കൃഷി ചെയ്തും പച്ചക്കറികള്‍ വിറ്റും ഓപ്പറേഷന് വേണ്ടി ബന്ധുക്കളില്‍ നിന്ന് സമാഹരിച്ചതുമായ പണം എലി നശിപ്പിച്ചു. ദുരിതത്തിലായ കര്‍ഷകന് സഹായവുമായി തെലങ്കാന മന്ത്രി. തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ ആദിവാസി കര്‍ഷകനായ ഭുക്യ റെഡ്യ നായിക് ആണ് തന്‍റെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ സമാഹരിച്ചത്. വീട്ടിലെ അലമാരയില്‍ വച്ച പണം ഭദ്രമായി ഇരിക്കുമെന്നായിരുന്നു ഭുക്യ കരുതിയത്. എന്നാല്‍ അലമാരയില്‍ തുരന്ന് കയറിയ എലി വൃദ്ധ കര്‍ഷകന്‍റെ സമ്പാദ്യം മുഴുവന്‍ കരണ്ട് നശിപ്പിക്കുകയായിരുന്നു.

വയറിലെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഭുക്യ പണം സമാഹരിച്ചത്. ശനിയാഴ്ചയാണ് പണം എലി കരണ്ട വിവരം മനസിലായത്. അഞ്ഞൂറിന്‍റെ നോട്ടുകളാക്കി ആയിരുന്നു പണം സൂക്ഷിച്ച് വച്ചിരുന്നത്.  എലി കരണ്ട് നശിപ്പിച്ച കറന്‍സി നോട്ടുകള്‍ മാറിക്കിട്ടാന്‍ ഭുക്യ ബാങ്കിലെത്തിയെങ്കിലും നടന്നിരുന്നില്ല. ഇതോടെയാണ് ഇത്തരമൊരു സംഭവം വാര്‍ത്തയായത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ആദിവാസ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സത്യവതി റാത്തോഡ് ഭുക്യയ്ക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഭുക്യയ്ക്ക് പണം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി ഞായറാഴ്ച വ്യക്തമാക്കി.

വെന്നൂരിലെ ഇന്ദിരാനഗര്‍ സവ്ദേശിയാണ് ഭുക്യ. നാല് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഭുക്യയുടെ ചികിത്സയെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പോകാനൊരുങ്ങുമ്പോഴാണ് ഭുക്യ അലമാരിയില്‍ നിന്ന് പണം സൂക്ഷിച്ച ബാഗെടുത്തത്. തുറന്നു നോക്കുമ്പോഴാണ് നോട്ടുകള്‍ എലി കരണ്ട് നശിപ്പിച്ചത് കണ്ടത്.

ഭൂരിഭാഗം നോട്ടുകളും നശിച്ചതിനാല്‍ പ്രദേശത്തെ പല ബാങ്കുകളുടേയും സഹായം ഭുക്യ തേടിയിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തഹസീല്‍ദാര്‍ പരിശോധന നടത്തിയ ശേഷമാണ് ഭുക്യയ്ക്ക് പണം നല്‍കാന്‍ തീരുമാനമായത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായ പണം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios