ദില്ലി: ഓഗസ്റ്റ് 31 വരെ തിരിച്ചടക്കാത്ത വായ്പകൾ ഉണ്ടെങ്കിൽ മോറട്ടോറിയം കേസിലെ അന്തിമ വിധി വരുന്നത് വരെ, ആ വായ്പകൾ കിട്ടാകടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി. മോറട്ടോറിയം കേസിൽ തുടര്‍വാദം കേൾക്കൽ ഈമാസം പത്താം തിയതിയിലേക്ക് മാറ്റിവെച്ചു. ലോക് ഡൗണിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടവര്‍ ലോക് ഡൗണ്‍കാലത്ത് കൂടുതൽ പ്രതിസന്ധിയിലായില്ലേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ എങ്ങനെ വായ്പകൾക്കുമേൽ പിഴപലിശ ഈടാക്കാനുമെന്നും മോറട്ടോറിയം പിഴപലിശയും ഒന്നിച്ചുപോകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. പ്രശ്നപരിഹാരത്തിനായി ഇടപെട്ടുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ഗുണം കിട്ടുന്നില്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നതെന്നും കോടതി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ബാങ്കുകളെ കൂടി ഉൾപ്പെടുത്തി ഒരു സമിതിക്ക് രൂപം നൽകുമെന്ന് ആര്‍.ബി.ഐ കോടതിയെ അറിയിച്ചു.

ശക്തമായ വാദ പ്രതിവാദമാണ് കേസിൽ നടന്നത്. മോറട്ടറോറിയവും പിഴപലിശയും സംബന്ധിച്ച് റിസർവ് ബാങ്ക് സുപ്രീം കോടതിയിൽ വിശദീകരണം നൽകണം. പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും ആർബിഐയും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്ന് കോടതി പ്രതികരിച്ചു.

കൊവിഡിന് മുൻപ് സാമ്പത്തിക പ്രതിസന്ധി നേരിട്ടവർക്ക് കൊവിഡ് കൂടുതൽ പ്രതിസന്ധിയിലായില്ലേ എന്ന് കോടതി ചോദിച്ചു. അത് ശരിയാണെങ്കിലും എവിടെയാണ് യഥാർത്ഥ കുഴപ്പമെന്ന് എങ്ങനെ അറിയുമെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചു. ജീവിതം കൂടുതൽ പ്രതിസന്ധിയായവർക്ക് എന്ത് ആശ്വാസമാണ് നൽകാനാവുക എന്ന് കോടതി ആരാഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് പ്രതിനിധികൾ കൂടി ഉൾപ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആർ ബി ഐ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് ഈ ഘട്ടത്തിലായിരുന്നു.