Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ തിങ്കളാഴ്ച വിശ്വാസവോട്ട്? വിമതർക്കും വിപ്പ്, ലംഘിച്ചാൽ അയോഗ്യത

ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. കുമാരസ്വാമിക്കും കൂട്ടർക്കും വേണ്ടിയിരുന്നതും കൂടുതൽ സമയമാണ്. വിശ്വാസവോട്ട് തീയതി സ്പീക്കർക്ക് തീരുമാനിക്കാമെന്ന് കുമാരസ്വാമി വ്യക്തമാക്കുന്നു. 

ready for trust vote says cm kumaraswamy in assembly
Author
Bengaluru, First Published Jul 12, 2019, 2:31 PM IST

ബെംഗളുരു: ചൊവ്വാഴ്ച വരെ കർണാടകത്തിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ, വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി. എല്ലാ ജെഡിഎസ് - കോൺഗ്രസ് എംഎൽഎമാർക്കും പാർട്ടി വിപ്പ് നൽകി. വിമതർക്ക് ഉൾപ്പടെയാണ് വിപ്പ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാൽ, വിശ്വാസവോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ എല്ലാ എംഎൽഎമാരും അയോഗ്യരാകും. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കർക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ബിജെപി നേതാക്കളുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഔദ്യോഗികമായി അറിയിക്കും.

തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർ തീരുമാനിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. നിലവിൽ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ചില എംഎൽഎമാർ പറഞ്ഞെന്നും അതിനാലാണ് രാജി വച്ചതെന്നും വാർത്താ സമ്മേളത്തിലടക്കം സ്പീക്കർ പറഞ്ഞിരുന്നു.

ഭരണഘടനയുടെ 190 (3) ബി ചട്ടം അനുസരിച്ച്, രാജി വച്ച അംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. എംഎൽഎമാർ സമ്മർദ്ദം മൂലമാണോ സ്വമേധയാ ആണോ രാജി വച്ചതെന്ന് പരിശോധിച്ച ശേഷം മാത്രം സ്പീക്കർക്ക് അന്തിമതീരുമാനം എടുത്താൽ മതി. നിയമസഭയിൽ പരമാധികാരി സ്പീക്കറാണ്. അതിൽ സുപ്രീംകോടതിയ്ക്ക് അടക്കം ഇടപെടുന്നതിന് പരിമിതികളുമുണ്ട്.

ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് ഇന്ന് സ്പീക്കർ സുപ്രീംകോടതിയിൽ വാദിച്ചത്. ആ വാദങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെയാകും സ്പീക്കറുടെ തുടർനടപടികൾ. സുപ്രീംകോടതിയാകട്ടെ സ്പീക്കറുടെ അധികാരപരിധിയുൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച ഹർജി പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായാണ് ചൊവ്വാഴ്ചത്തേയ്ക്ക് വാദം മാറ്റിയതും, അതുവരെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതും. അത്തരത്തിൽ സമയമായിരുന്നു കുമാരസ്വാമി സർക്കാരിന് വേണ്ടിയിരുന്നതും. 

''സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ നടക്കുന്നത് നിർഭാഗ്യകരമായ സംഭവങ്ങളാണ്. ഇത് ചില എംഎൽഎമാരുടെ നീക്കങ്ങൾ കൊണ്ടുമാത്രമാണ്. ഞാനിവിടെ അധികാരത്തിൽ കടിച്ചുതൂങ്ങാനല്ല ഇരിക്കുന്നത്. ഇപ്പോഴുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്'', വിധാൻ സൗധയിൽ വച്ച് കുമാരസ്വാമി പറഞ്ഞു. 

ഇന്ന് രാവിലെയാണ് വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന് സഖ്യസർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ കുമാരസ്വാമി ആവശ്യം സഭയിലുന്നയിക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് കോൺഗ്രസ് - ജെഡിഎസ് പാർട്ടികളുടെ രാഷ്ട്രീയ തീരുമാനമാണെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''അനിശ്ചിതാവസ്ഥ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കുതിരക്കച്ചവടം അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനം. കൂറുമാറ്റ നിയമം മറികടക്കാനാണ് വിമതരുടെ രാജിനാടകം. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ വിശ്വാസവോട്ടിൽ പങ്കെടുക്കും'', കെ സി വേണുഗോപാൽ പറഞ്ഞു.

വീണ്ടും കോടതി കയറുമോ?

എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയതിലൂടെ, വിമതർക്ക് കുരുക്കിടുകയാണ് കുമാരസ്വാമി സർക്കാർ. ഇപ്പോൾ മുംബൈയിലുള്ള വിമതർക്ക് വിപ്പ് ലംഘിക്കാനാകില്ല. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വരും. വിശ്വാസവോട്ടെടുപ്പ് നടന്നാൽ വോട്ട് രേഖപ്പെടുത്തുകയും വേണ്ടി വരും. വോട്ട് സർക്കാരിനെതിരായാലോ, പങ്കെടുക്കാതിരിക്കുകയോ, സമ്മേളനത്തിൽ എത്താതിരിക്കുകയോ ചെയ്താൽ ചീഫ് വിപ്പിന് ഇത് അയോഗ്യതയ്ക്കുള്ള കാരണമായി കണക്കാക്കാം. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നാൽ ഈ എംഎൽഎമാർ വിപ്പ് ലംഘിച്ചെന്ന് കാണിച്ച് സ്പീക്കർക്ക് ഇവരെ അയോഗ്യരാക്കാം. ഇത് തന്നെ കോടതിയെയും അറിയിക്കാം. 

വിശ്വാസവോട്ട് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിലെ ആദ്യ ദിവസമായ ഇന്ന് അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കൽ മാത്രമായിരുന്നു അജണ്ട. ആ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നാണ് ബിജെപി ആരോപണം. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ബിജെപിയുടെ 105 എംഎൽഎമാർക്കും, യെദിയൂരപ്പ വിപ്പ് നൽകിയിട്ടുണ്ട്. ഇനിയെന്ത് വേണമെന്ന കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തി വരികയാണ് ബിജെപി.

Follow Us:
Download App:
  • android
  • ios