കൊളോണിയൽ നിയമങ്ങൾ പരിഷ്കരിച്ചത് മോദി സർക്കാരിന്റെ പ്രധാന നേട്ടം: അമിത് ഷാ
അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പാർലമെന്‍റിൽ പുതിയ ബിൽ അവതരിപ്പിച്ചിരുന്നു.

ദില്ലി: കൊളോണിയൽ നിയമങ്ങൾ പരിഷ്കരിച്ചത് മോദി സർക്കാരിന്റെ പ്രധാന നേട്ടമാണെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പാർലമെന്‍റിൽ പുതിയ ബിൽ അവതരിപ്പിച്ചിരുന്നു. ബില്ലിൽ പ്രധാനമായും ചർച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ് വിവിധങ്ങളായ കുറ്റങ്ങൾക്കുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ട്.
പുതിയ ബില്ലുകളെക്കുറിച്ച് കൂടുതൽ അറിയാം:
പുതിയ നിയമത്തിൽ കുട്ടികളെ ബലാത്സംഗം ചെയ്താലുള്ള ശിക്ഷകളിൽ വധശിക്ഷയും ഉൾപ്പെടുത്തി. കൂട്ട ബലാത്സംഗത്തിനുള്ള ശിക്ഷ 20 വർഷം വരെ തടവ് ലഭിക്കാം എന്നും മാറ്റിയിട്ടുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായും കൂട്ടുന്നതാണ് പുതിയ ബിൽ. ആൾമാറാട്ടം നടത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരെ ശിക്ഷിക്കാനും പുതിയ നിയമപ്രകാരം സാധിക്കും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റുള്ളവരുമായി തട്ടിപ്പിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ശിക്ഷ ലഭിക്കുമെന്ന് സാരം.
ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ട്. ഇത്തരം കേസുകളിലും വധശിക്ഷ വിധിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് പുതിയ ബില്ലിലുള്ളത്. ആൾക്കൂട്ട കൊലപാതകത്തിന് 7 വർഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നൽകാമെന്നാണ് പുതിയ ബില്ലിൽ പറയുന്നത്. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഐ പി സി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായുള്ള ബില്ലുകളാണ് ഷാ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളുടെ പേര് ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയായിരിക്കും.