Asianet News MalayalamAsianet News Malayalam

UP Election 2022 : വരുൺ ഗാന്ധിയെ ഒപ്പം കൂട്ടാൻ അഖിലേഷ് യാദവ് നീക്കം നടത്തുന്നതായി സൂചന

വരുൺ ഗാന്ധിയെ ഒപ്പം കൊണ്ടു വരാൻ അഖിലേഷ് യാദവ് നീക്കം നടത്തുന്നതായി സൂചന. അഖിലേഷ് വരുൺ ഗാന്ധിയോടും മേനക ഗാന്ധിയോടും സംസാരിച്ചെന്നും സൂചനകൾ പുറത്തുവന്നു
Reports that Akhilesh Yadav is moving to keep Varun Gandhi with him
Author
Kerala, First Published Jan 14, 2022, 11:58 PM IST

ദില്ലി: വരുൺ ഗാന്ധിയെ ഒപ്പം കൊണ്ടു വരാൻ അഖിലേഷ് യാദവ് (Akhilesh Yadav) നീക്കം നടത്തുന്നതായി സൂചന. അഖിലേഷ് വരുൺ ഗാന്ധിയോടും മേനക ഗാന്ധിയോടും സംസാരിച്ചെന്നും സൂചനകൾ പുറത്തുവന്നു. ബിജെപി വിട്ട എംഎൽഎമാർ ഇന്ന് സമാജ് വാദി പാർട്ടിയിൽ ചേരും. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും എസ്പി ആസ്ഥാനത്ത് എത്തി. ബിജെപിക്കെതിരെ ചെറിയ പാർട്ടികളെ എല്ലാം ഉൾപ്പെടുത്തി വിശാല സഖ്യത്തിനാണ് അഖിലേഷ് യാദവ് തയ്യാറെടുക്കുന്നത്. ഇതിനെതിരെ ബിജെപി മുതിർന്ന നേതാക്കളെ എല്ലാ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. 

അതേസമയം ഉത്തർപ്രദേശ് തെര‍ഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കും. 130 സ്ഥാനാർത്ഥികളെ നിശ്ചയിച്ചതായി പാർട്ടി നേതാക്കൾ ഇന്നലെ സൂചന നല്കിയിരുന്നു. മായാവതിയുടെ അറുപത്തിയാറാം ജന്മദിനമായ നാളെ ബിഎസ്പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. പ്രചാരണ റാലികളും റോഡ് ഷോകളും അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം ഇന്നുണ്ടാകും. ഒരാഴ്ച കൂടി നിയന്ത്രണം വേണം എന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ നല്കിയ റിപ്പോർട്ട്. 

ഉത്തർപ്രദേശിൽ പതിനൊന്ന് ജില്ലകളിലെ 58 സീറ്റുകളിലാണ് നാമനിർദ്ദേശപത്രിക സ്വീകരിച്ചു തുടങ്ങിയത്.  മൂന്നു ദിവസത്തിൽ എൻഡിഎ വിട്ടത് പതിനാല് എംഎൽഎമാരാണ്. ഇതു നല്കിയ തിരിച്ചടി മറികടക്കാനാണ് ബിജെപി നീക്കം. പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നല്കി. ഗൊരഖ്പൂരിൽ ഒരു ദളിത് കുടുംബത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാർട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.  കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക്  ആർക്കും നീതി ഉറപ്പാക്കാൻ കഴിയില്ല എന്നായിരുന്നു യോഗിയുടെ പ്രതികരണം

യോഗി ആദിത്യനാഥിനൊപ്പം കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരും മത്സരിക്കും. ഇതിനിടെ മകനു സീറ്റു നല്കിയില്ലെങ്കിൽ പാർട്ടി വിടും എന്ന സൂചന കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ റീത്ത ബഹുഗുണ ജോഷി എംപിയും നല്കിയെന്ന റിപ്പോർട്ടുണ്ട്.  എന്തായാലും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നടപടി തുടങ്ങുമ്പോൾ ബിജെപിയോട് ഇഞ്ചോടിഞ്ച് മത്സരത്തിനുള്ള സാഹചര്യം ഒരുക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞ മൂന്നു ദിവസത്തെ നീക്കങ്ങളിലൂടെ കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios