74-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും വിളിച്ചോതി പ്രൗഡ ഗംഭീര പരേഡ്
സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതകൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി.

ദില്ലി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതകൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. സ്വാതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി മുർമു കർതവ്യപഥിലെത്തിയതോടെ പരേഡ് തുടങ്ങി. ഈജിപ്ത് പ്രസിഡന്‍റ് അബേല്‍ ഫത്ത എല്‍ സിസിയായിരുന്നു മുഖ്യാതിത്ഥി. ഈപ്തത് സൈന്യവും ഇന്ത്യന്‍ സേനയോടൊപ്പം പരേഡില്‍ മാർച്ച് ചെയ്തു.
തദ്ദേശിയമായി വികസിപ്പിച്ച ടാങ്കുകളും സൈനിക ആയുധങ്ങളും ഉള്‍പ്പെടെയുള്ളവ രാജ്യത്തിന്‍റെ സ്വയംപര്യാപ്തയുടെ പ്രതീകമായി. സൈന്യത്തിനൊപ്പം അർധസൈനിക പൊലീസ് വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. ദില്ലി പൊലീസിനെ നയിച്ചത് മലയാളിയായ ശ്വേത കെ സുഗതനാണ്.
കേരളം ഉള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളടെയും ഏഴ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അവതരിപ്പിച്ചു. ഭൂരിഭാഗം നിശ്ചലദൃശ്യങ്ങളുടെയും പ്രമേയം സ്ത്രീ ശക്തിയായിരുന്നു.
Also Read: 'ഒന്നിച്ച് മുന്നേറാം'; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
റഫാല്‍ ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യയുടെ വ്യോമസേന ശക്തിയുടെ സാക്ഷ്യമായി. 479 കലാകാരന്‍മാർ ചേർന്ന് കലാരൂപങ്ങളം നൃത്തവും അവതരിപ്പിച്ചു.
തെരുവ് കച്ചവടക്കാർ, സെന്‍ട്രല്‍ വിസ്ത നിർമാണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രത്യേക അതിഥികളായി എത്തിയിരുന്നു.
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് നടന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഗവർണർ മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പിണറായി സർക്കാരിന്റെ നേട്ടങ്ങളെ ഗവർണർ പുകഴ്ത്തുകയും ചെയ്തു.
Also Read: 'ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നു, ഭരണഘടനയുടെ കാവലാളാകണം': സജി ചെറിയാൻ