തിരുനെൽവേലി മനോൺമണിയം സുന്ദരനാർ സർവകലാശാലയിൽ ആണ് സംഭവം
തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നടന്ന ബിരുദദാന ചടങ്ങിൽ ഗവർണറുടെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച് ഗവേഷക വിദ്യാർത്ഥി. തുടർന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഒടുവിൽ വൈസ് ചാൻസിലറിൽ നിന്നാണ് വിദ്യാർത്ഥി സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. തിരുനെൽവേലി മനോൺമണിയം സുന്ദരനാർ സർവകലാശാലയിൽ ആണ് സംഭവം.
തമിഴ്നാട് ഗവർണർ ആർഎൻ രവിയിൽ നിന്നുമാണ് ഗവേഷക വിദ്യാർത്ഥിയായ ജീൻ ജോസഫ് സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ചത്. ഗവർണർ തമിഴ്നാടിനും ഇവിടുത്തെ ജനങ്ങൾക്കും എതിരാണ്. അതുകൊണ്ടാണ് അദ്ദേഹത്തിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കാത്തതെന്ന് ജീൻ ജോസഫ് പറഞ്ഞു. ചടങ്ങിൽ നിന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിട്ടുനിന്നിരുന്നു.
അതേസമയം, ഗവേഷക വിദ്യാർത്ഥിക്കെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഡിഎംകെ ജില്ലാ നേതാവിന്റെ ഭാര്യയാണ് ജീൻ ജോസഫെന്ന് കെ. അണ്ണാമലൈ പറഞ്ഞു. മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്താൽ എന്താകും? പാർട്ടി പദവികൾക്കായി നാടകം കളിക്കുന്നത് അപലപനീയമാണെന്നും അണ്ണാമലൈ പറഞ്ഞു.

