നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ കോണ്‍ഗ്രസിലെ വിമത വിഭാഗമായ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടുപ്പിക്കുകയാണ്.

ദില്ലി: എഐസിസി പുനസംഘടന നടക്കാനിരിക്കേ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ നിന്ന് കെ സി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കി വിമത വിഭാഗം. ഉത്തരേന്ത്യയിൽ നിന്നുള്ള നേതാവിന് ചുമതല നൽകണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് നിര്‍ണ്ണായക പദവി നൽകുന്നതിനേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഒരു വിഭാഗം എതിര്‍ക്കുന്നു.

നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ കോണ്‍ഗ്രസിലെ വിമത വിഭാഗമായ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടുപ്പിക്കുകയാണ്. നിലവിലെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് നേതാക്കളുടെ നിലപാട്. കഴിഞ്ഞ കുറെ കാലങ്ങളായി ദേശീയ തലത്തിലും, സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേരിട്ട തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മാറ്റം വേണമെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍ ആവശ്യപ്പെടുന്നത്. 

കെ.സി.വേണുഗോപാലിന് പകരം ഉത്തരേന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും നേതാവിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ദിഗ്വിജയ് സിംഗ്, കമല്‍നാഥ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല തുടങ്ങി ചില നേതാക്കളുടെ പേരുകള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പേരും ചില നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നുണ്ട് കമല്‍നാഥിനെ വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. 

കഴിഞ്ഞ മാസം കപില്‍സിബലിന്‍റെ വസതിയില്‍ ചേര്‍ന്ന വിമത വിഭാഗം നേതാക്കളുടെ യോഗത്തില്‍ പ്രശാന്ത് കിഷോറിന്‍റെ കടന്നുവരവിലും അതൃപ്തി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തക സമിതിയിലും ഒരു വിഭാഗത്തിന് പ്രശാന്ത് കിഷോറിന് ഉയര്‍ന്ന പദവി നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. രാഷ്ട്രീയ ഉപദേഷ്ടാവായോ, പ്രവര്‍ത്തക സമിതി അംഗമായോ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് അഭ്യൂഹം. പാര്‍ട്ടിയില്‍ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ച‍ർച്ചകൾ നിര്‍ത്തി വച്ചിരിക്കുകയാണെന്നാണ് വിവരം.