ദില്ലി: ജ്വല്ലറി കൊള്ളയടിച്ചതിന് ശേഷം തെളിവ് ഇല്ലാതാക്കാൻ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡർ ആണെന്ന് കരുതി ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് അടിച്ചുമാറ്റി മോഷ്ടാക്കൾ. ഔട്ടര്‍ ദില്ലിയിലെ ബീഗംപുറില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സിസിടിവി റെക്കോഡറിന് പകരം സെറ്റ് ടോപ്പ് ബോക്‌സ് തട്ടിയെടുത്തതോടെ മോഷണത്തിനെത്തിയ നാലാം​ഗസംഘത്തിന്റെ മുഖം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെ ഉപഭോക്താക്കളെന്ന വ്യാജേന രണ്ടുപേര്‍ ജ്വല്ലറിയിൽ എത്തുകയായിരുന്നു. ആ സമയത്ത് ഉടമ ഗുല്‍ഷന്‍ മാത്രമേ ജ്വല്ലറിയിലുണ്ടായിരുന്നുള്ളു. പിന്നീട് മറ്റു രണ്ടുപേര്‍ കൂടിയെത്തുകയായിരുന്നു. മുഖം മറയ്ക്കാതെയാണ് പ്രതികൾ ജ്വല്ലറിയിലെത്തിയത്. കടയിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ സംഘം കടയുടമയെ തോക്കിൻ മുനയിൽ നിർത്തി ജ്വല്ലറി കൊള്ളയടിക്കുകയായിരുന്നു. മോഷണം ചെറുക്കുന്നതിനിടെ ഗുല്‍ഷനെ സംഘം മര്‍ദിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

തോക്കുമായി ജ്വല്ലറിയില്‍ കടന്ന സംഘം 25 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും കൈക്കലാക്കിയാണ് കടന്നത്. ഇതിനിടെ തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി തട്ടിയെടുക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. പിന്നീട് സിസിടിവി റോക്കോർ‌ഡിന് പകരം ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് എടുത്ത് സംഘം മടങ്ങുകയായിരുന്നു.

ജ്വല്ലറി കൊള്ളയടിക്കുന്നതിന്റെയും സെറ്റ് ടോപ്പ് ബോക്സ് എടുക്കുന്നതിന്റയും ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണത്തിന്റെയും മോഷ്ടാക്കളുടെയും ദൃശ്യങ്ങള്‍ സിസിടിവിയുടെ വീഡിയോ റെക്കോര്‍ഡറില്‍ വ്യക്തമായ പതിഞ്ഞത് പ്രതികളെ തിരിച്ചറിയുന്നതിന് സഹായകമായെന്ന് രോഹിണിയിലെ ഡിസിപി എസ്ഡി മിശ്ര പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി ഒരു ടീമിന് രൂപംനൽകിയതായും  പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.