ഭുവനേശ്വര്‍: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് പതിച്ച യുവതിക്ക് അത്ഭുതകരമായ രക്ഷപെടല്‍. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി രക്ഷപ്പെട്ടത്. 

ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രമാദേവി വനിതാ സര്‍വ്വകലാശാലയിലെ ഐടി അധ്യാപികയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പുരി സാബല്‍പൂര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇവർ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന യാത്രക്കാരും യുവതിയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ നിരവധി പേരാണ് ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതിനിടെ, ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കനെ യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈയിലാണ് സംഭവം നടന്നത്. മധ്യവയസ്‌ക്കൻ ട്രാക്കിലുടെ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.