സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടു
ദില്ലി : പെഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ ദില്ലിയിൽ നിർണായക കൂടിക്കാഴ്ചകൾ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടത്.
പഹൽഗാം ആക്രമണത്തിന് തിരിച്ചടിക്കാൻ സേനകൾക്ക് സേനാമേധാവിമാരുടെ യോഗത്തിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നാണ് വിവരം. പാകിസ്ഥാനുള്ള തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. ഭീകരവാദത്തിന് കനത്ത പ്രഹരം നല്കാൻ സേനകൾക്ക് നരേന്ദ്ര മോദി നിർദ്ദേശം നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

