മുംബൈ: കൊവിഡിനെതിരായ വാക്സിൻ കണ്ടെത്തുന്നതിലൂടെ ആത്മനിർഭരത (സ്വയംപര്യാപ്തത)യുടെ ആദ്യപാഠം റഷ്യ ലോകത്തിന് നൽകിയെന്ന് ശിവസേന എംപി സജ്ഞയ് റാവത്ത്. നരേന്ദ്ര മോദി സർക്കാരിന്റെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്(സ്വയംപര്യാപ്ത ഭാരതം) മുദ്രാവാക്യത്തെ പരിഹസിച്ചു കൊണ്ടായിരുന്നു നേതാവ് സഞ്ജയ് റാവത്തിന്റെ ഈ പരാമർശം. ഇന്ത്യ ആത്മനിർഭരതയെക്കുറിച്ച് വെറുതെ പറഞ്ഞു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും സജ്ഞയ് റാവത്ത് കൂട്ടിച്ചേർത്തു. പാര്‍ട്ടി മുഖപത്രമായ സാ മ്‌നയിലെ പ്രതിവാര കോളമായ രോഖ്‌ടോഖിലാണ് റാവത്തിന്റെ പ്രതികരണം.

റഷ്യ ലോകത്താദ്യമായി കൊവിഡ് വാക്സിൻ വികസിപ്പിച്ചു എന്ന് പ്രസിഡന്റ് വ്ലാഡിമിർ പുചിൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ മകൾ വാക്സിൻ സ്വീകരിച്ചതായും പുചിൻ വെളിപ്പെടുത്തി. അതേ സമയം റഷ്യയുടെ കൊവിഡ് വാക്സിനെക്കുറിച്ച് നിരവധി സംശയങ്ങളാണ് വിദ​ഗ്ധർ ഉന്നയിക്കുന്നത്. റഷ്യയുടെ വാക്‌സിന്‍ നിയമവിരുദ്ധമാണെന്ന് തെളിയിക്കാന്‍ ലോകമെമ്പാടും ശ്രമം നടക്കുകയാണ്. എന്നാൽ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ മകള്‍ക്ക് നല്‍കാന്‍ പുചിന്‍ തയ്യാറായി. അതിലൂടെ പുചിൻ രാജ്യത്ത് ആത്മവിശ്വാസം സൃഷ്ടിച്ചു. റാവത്ത് പറഞ്ഞു.

'റഷ്യ ലോകത്തിന് ആത്മനിർഭർ എന്താണെന്ന പാഠം നൽകി. എന്നാൽ നമ്മൾ ഇപ്പോഴും ആത്മനിർഭർ എന്ന് പ്രസം​ഗിച്ചു കൊണ്ടിരിക്കുകയാണ്.' റാവത്ത് പറഞ്ഞു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചതായും ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നൃത്യ ഗോപാല്‍ ദാസിന് ഹസ്തദാനം നല്‍കിയ മോദി, ക്വാറിന്റീനില്‍ പോകുമോയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും റാവത്ത് പറഞ്ഞു.