ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് വിവാദമായി. സാങ്കേതിക പ്രശ്നം മൂലമാണിതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചതായും സുരക്ഷാ പ്രശ്നമില്ലെന്നും ദേവസ്വം പ്രസിഡന്റ് പറയുമ്പോൾ, സംഭവത്തിൽ പോലീസ് കേസെടുക്കുകയും സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ സുരക്ഷാ പ്രശ്‌നം ഉള്ളതായി തോന്നുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ. കോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ പമ്പ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവതമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്നു പോയതാണെന്നാണ് കോസ്റ്റ് ഗാർഡിന്‍റെ വിശദീകരണം.
വിശദവിവരങ്ങൾ ഇങ്ങനെ
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലക്കൽ, പമ്പാ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല. വി വി ഐ പികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ എത്തിയത് അതീവ ഗൗരവം എന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എ ഡി ജി പി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും. അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നു കയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ മൊഴിവാങ്ങി പമ്പ പൊലീസും കേസെടുത്തു. 'ഹെലികോപ്റ്റർ പതിവ് നിരീക്ഷണത്തിൽ ഇറങ്ങിയതാണ്. അന്തരീക്ഷം മേഘാവൃതം ആയതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിൽ എത്തി. സാങ്കേതിക പിഴവാണ് ഉണ്ടായത്' - ഇതാണ് സംഭവത്തിൽ കോസ്റ്റുകാർഡിന്‍റെ വിശദീകരണം. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിൽ ആണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
