ദില്ലി: അയോധ്യ കേസിലെ വിധിക്ക് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന വിധി പ്രസ്താവിക്കാനൊരുങ്ങി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന 17നകം മറ്റ് വിവാദ വിഷയങ്ങളിലും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചേക്കും. ശനിയാഴ്ചയാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കനത്ത സുരക്ഷക്ക് നടുവിലായിരുന്നു വിധി പ്രസ്താവിച്ചത്. 

ഏറെ വിവാദമായ ശബരിമലയില്‍ യുവതീ പ്രവേശനത്തിന്  അനുമതി നല്‍കിയ വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഇനി ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന ചരിത്ര വിധി സുപ്രീം കോടതി ഭരണഘടന ബെഞ്ച്  പുറപ്പെടുവിച്ചത്.  വിധി നടപ്പാക്കാന്‍ തയ്യാറായ സര്‍ക്കാറിനെതിരെ വിവിധ സംഘടനകള്‍ സമരത്തിനിറങ്ങിയത് രാജ്യവ്യാപക ശ്രദ്ധനേടിയിരുന്നു. യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ 57 റിവ്യൂ ഹര്‍ജികളാണ് ഫയല്‍ ചെയ്തത്. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവാരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ നല്‍കിയ പരാതിയിലും ഈ മാസം വിധി പറയും. ഭരണഘടന ബെഞ്ചാണ് വിധി പറയുക. 

വിവാദം സൃഷ്ടിച്ച റാഫേല്‍ വിമാനക്കരാറിലെ റിവ്യൂ ഹര്‍ജികളിന്മേലുള്ള വിധിയും ഈ മാസം ഉണ്ടാകും. ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ പ്രതിപക്ഷവും വിവിധ വ്യക്തികളും നല്‍കിയ റിവ്യൂ ഹര്‍ജികളിന്മേലാണ് വിധി പറയുക. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോടതിലക്ഷ്യമാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലും വിധിയുണ്ടായേക്കും.