Asianet News MalayalamAsianet News Malayalam

ശബരിമല യുവതി പ്രവേശം: സുപ്രീം കോടതി വിധി ഞായറാഴ്ച്ചക്കകമുണ്ടായേക്കും

വിശ്വാസങ്ങള്‍ക്ക് വില കല്‍പിച്ചാണ് അയോധ്യ വിധിയെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തില്‍ ശബരിമലയിലും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സുപ്രീം കോടതി വിലകല്‍പ്പിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിയമലോകം. 

Sabarimala women entry: Supreme court verdict may deliver with in Sunday
Author
New Delhi, First Published Nov 12, 2019, 10:44 AM IST

ദില്ലി: അയോധ്യക്ക് പിന്നാലെ ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ച്ചക്കകം വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന നവംബര്‍ 17ന് മുമ്പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയോധ്യ വിധിക്ക് ശേഷം ബുധനാഴ്ച സുപ്രീം കോടതി ബുധനാഴ്ച വീണ്ടും ചേരും. ബുധനാഴ്ച ഏത് കേസാണ് പരിഗണിക്കുന്നതെന്ന വിവരം ഇതുവരെ സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 17നാണ് മണ്ഡല കാലം ആരംഭിക്കുക. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനബെഞ്ച് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 
ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്. അതേ സമയം, ബെഞ്ചിനെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്. 4:1 ഭൂരിപക്ഷത്തിനാണ് അന്ന് വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് 48 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിച്ചത്. ഫെബ്രുവരി ആറിന് ഹര്‍ജികളിന്മേലുള്ള വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു. ആദ്യ വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം രഞ്‍ജന്‍ ഗൊഗോയിയാണ് എന്നതാണ് വ്യത്യാസം. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല വിധി എന്താകുമെന്ന് പറയാനാകില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. വിശ്വാസങ്ങള്‍ക്ക് വില കല്‍പിച്ചാണ് അയോധ്യ വിധിയെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തില്‍ ശബരിമലയിലും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സുപ്രീം കോടതി വിലകല്‍പ്പിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിയമലോകം. 

Follow Us:
Download App:
  • android
  • ios