ദില്ലി: പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് കോൺ​ഗ്രസ് സച്ചിൻ പൈലറ്റ്. ജ്യോതിരാതിദ്യ സിന്ധ്യയെ പോലെ സച്ചിനും ബിജെപി ക്യാംപിലെത്തുമെന്ന് ചില കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം സച്ചിൻ പൂ‍ർണമായും തള്ളിക്കളയുന്നു. 

തനിക്കെതിരെ കോൺ​ഗ്രസ് നേതാക്കൾ കള്ളപ്രചാരണം നടത്തുകയാണെന്നും താൻ ബിജെപിയിലേക്ക് പോകില്ലെന്നും ഇപ്പോഴും കോൺ​ഗ്രസിലാണെന്നും സച്ചിൻ പറയുന്നു. രാജസ്ഥാനിൽ ബിജെപിക്കെതിരെ പോരാടി അവരെ പരാജയപ്പെടുത്തിയത് താനാണെന്നും താനിപ്പോഴും കോൺ​ഗ്രസിൽ തന്നെയുണ്ടെന്നും സച്ചിൻ വ്യക്തമാക്കുന്നു. അതേസമയം ഇന്ന് ജയ്പൂരിൽ ചേരാനിരുന്ന ബിജെപി നേതൃയോഗം വൈകിട്ടത്തേക്ക് മാറ്റി. സച്ചിൻ പൈലറ്റിൻ്റെ നീക്കം അറിഞ്ഞ ശേഷം യോഗം ചേരാനാണ് ബിജെപിയുടെ തീരുമാനം. 

വിമത എംഎൽഎമാരെ ഗുരുഗ്രാമിലെത്തിച്ച്  ദില്ലിയിലേക്ക് വന്ന സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ അശോക് ഗെല്ലോട്ട് സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. സച്ചിനെ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ എഐസിസി നേതൃത്വം സച്ചിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ തുടങ്ങി മുതിർന്ന നേതാക്കളെല്ലാം സച്ചിനെ അനുനയിപ്പിക്കാൻ ഇന്നലെ ശ്രമം നടത്തിയിരുന്നു.