മുമ്പ് കോൺ​ഗ്രസ് മുഖ്യമന്ത്രി അശോക് ​ഗെലോട്ടിനെതിരെ പരസ്യമായി രം​ഗത്തിയ സച്ചിൻ പൈലറ്റ് തന്നെ അനുകൂലിക്കുന്ന എം എൽ എ മാർക്കൊപ്പം മാറി നിന്നും പാർട്ടി തലവേദ ഉണ്ടാക്കിയിരുന്നു

ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സച്ചിന്‍ പൈലറ്റ്. രാജസ്ഥാനിലെ നേതൃമാറ്റം, മന്ത്രിസഭ പുനസംഘടന അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചർച്ച. രാജസ്ഥാനിലെ നേതൃമാറ്റം തള്ളിയ രാഹുല്‍ മന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിക്കുമെന്ന് സച്ചിന്‍ പൈലറ്റിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 

എംഎല്‍എമാരുടെ പിന്തുണ നഷ്ടമായതിനെ തുടര്‍ന്നാണ് പഞ്ചാബില്‍ ക്യാപ്റ്റന്‍ അമീരന്ദ‍ർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചത്.എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അതല്ല സ്ഥിതിയെന്നാണ് ഹൈക്കമാന്‍റ് നിലപാട്. രണ്ടിടങ്ങളിലെയും ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ മുഖ്യമന്ത്രിമാ‍‍ർക്കുണ്ട്. ഛത്തീസ്ഗഡില്‍ ഭാഗേലിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ടിഎസ് സിങ് ഡിയോയോടും ഖെലോട്ടിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന പൈലറ്റിനോടും ഹൈക്കമാന്‍റ് ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. 

എന്നാല്‍ രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടന നടത്താമെന്ന് സച്ചിന്‍ പൈലറ്റിന് നേരത്തെ തന്നെ ഹൈക്കമാന്‍റ് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കുമെന്ന് കൂടിക്കാഴ്ചയില്‍ രാഹുല്‍ സച്ചിന് ഉറപ്പ് നല്‍കി. അശോക് ഖെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയില്‍ സച്ചിന്‍ പൈലറ്റ് കഴിഞ്ഞ വർഷം വലിയ കലാപമുണ്ടാക്കിയിരുന്നു. ശ്രമം പരാജയപ്പെട്ടതിനൊപ്പം പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും നഷ്ടമായി. 

പിന്തുണച്ച മന്ത്രിമാർ അടക്കമുള്ളവരെയും സ്ഥാനത്ത് നിന്ന് നീക്കി. എന്നാല്‍ ഒത്തുതീർപ്പിന് വഴങ്ങിയ പൈലറ്റിനും ഒപ്പമുള്ളവർക്കും പുനസംഘടനയില്‍ പദവികള്‍ തിരികെ നല്‍കുമെന്ന് ഹൈക്കമാന്‍റ് വാഗ്ദാനം ചെയ്യുകയായിരുന്നു. അടുത്ത വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ ഊന്നുന്നതെന്നും പുനസംഘടന രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രമേ നടക്കൂവെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഛത്തീസ്‍ഗഡില്‍ രണ്ടര വര്‍ഷം ഊഴമനുസരിച്ച് മുഖ്യമന്ത്രിയെ മാറ്റുന്നത് തല്‍ക്കാലം മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍റ് പൂ‍ർണമായി തള്ളിയിട്ടില്ലെന്നും സൂചനയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona