തങ്ങൾക്കിടയിൽ ഭിന്നതകൾ ഇല്ലെന്നും മറിച്ചുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും പ്രഗ്യ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി പറഞ്ഞു.
ഭോപ്പാൽ: മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതിയെ കണ്ട് വികാരഭരിതയായി സാധ്വി പ്രഗ്യ സിംഗ് താക്കൂർ. ഭോപ്പാലിൽ വച്ചാണ് പരിസരം പോലും മറന്ന് പ്രഗ്യ സിംഗ്, ഉമാഭാരതിയോടുള്ള സ്‌നേഹം പങ്കുവെച്ചത്.
ഭോപ്പാൽ മണ്ഡലത്തിൽ എംപിയായിരുന്ന ഉമാഭാരതിക്ക് പകരം പ്രഗ്യ സിംഗിന് ബിജെപി ടിക്കറ്റ് നല്‍കുകയായിരുന്നു. ഇതിനിടെ പ്രഗ്യ സിംഗ് മഹതിയായ സന്ന്യാസിയാണെന്നും താൻ വിഡ്ഢിയായ സാധാരണക്കാരിയാണെന്നും ഉമാഭാരതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഉമാഭാരതിക്ക് പ്രഗ്യ സിംഗിനോടുള്ള അസംതൃപ്തിയാണ് വെളിപ്പെടുത്തുന്നതെന്ന വിമർശനങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുവന്നു.
ഇതിനുപിന്നാലെയാണ് പ്രഗ്യ സിംഗ് ഉമാഭാരതിയെ കാണാനെത്തിയത്. മധുരവും പൂക്കളും നൽകിയാണ് സ്ഥാനാര്‍ത്ഥിയെ ഉമാഭാരതി സ്വാഗതം ചെയ്തത്. തങ്ങൾക്കിടയിൽ ഭിന്നതകൾ ഇല്ലെന്നും മറിച്ചുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും പ്രഗ്യ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി പറഞ്ഞു.
