ദില്ലി: ബാഡ്മിന്‍റൺ താരം സൈന നെഹ്‍വാൾ ബിജെപിയിൽ ചേർന്നു. സൈനക്കൊപ്പം സഹോദരി ചന്ദ്രാൻശു നെഹ്‍വാളും ബിജെപിയിൽ ചേർന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം. സൈന ബിജെപിയിൽ ചേരുമെന്ന കാര്യത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള സൈനയുടെ ബിജെപി പ്രവേശം പ്രചാരണ രംഗത്ത് പാർട്ടിക്ക് ഗുണകരമായേക്കും. രാജ്യമെമ്പാടും ശക്തമായ ആരാധക സാന്നിദ്ധ്യമുള്ള താരമാണ് സൈന. 

കഠിനാധ്വാനികളെ ഏറെ ഇഷ്ടമാണെന്നും രാജ്യത്തിന് വേണ്ടും രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന നരേന്ദ്ര മോദിയെ പൊലയുള്ള നേതാവിനൊപ്പം ജോലി ചെയ്യാനാകുന്നത് തന്‍റെ ഭാഗ്യമാണെന്നും  സൈന അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്‍റെ ഖേലോ ഇന്ത്യ പദ്ധതിയെയും സൈന പ്രശംസിച്ചു. നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൈന കൂട്ടിച്ചേർത്തു. 

ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, 2012ൽ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്‍റൺ താരമായിരുന്നു സൈന നെഹ്‍വാൾ, 2012ലായിരുന്നു ഇത്. 

ഹ​രിയാനയിൽ ജനിച്ച സൈന നെഹ്‍വാൾ രാജ്യത്ത് വലിയ തോതിൽ ജനപിന്തുണയുള്ള കായിക താരമാണ്. അ‌ർജുന അവാ‌ർഡും ഖേൽ രത്ന അവാ‌ർഡും നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദി അനുകൂല ട്വീറ്റുകൾക്ക് പ്രസിദ്ധമാണ്.  ദീപാവലി ദിനത്തിൽ ഭാരത് ലക്ഷ്മി ഹാഷ്ടാഗിൾ രാജ്യത്തെ വിവിധ താരങ്ങൾ സമാനമായ ട്വീറ്റ് ചെയ്ത സംഭവത്തിൽ ഒരംഗം സൈന നെഹ്‍വാളായിരുന്നു. 

പ്രധാനമന്ത്രിയെ അഭിസംബോധന കൊണ്ടുള്ള ഈ ട്വീറ്റ് അത് പോലെ തന്നെ ഒരു കൂട്ടം വനിതാ കായിക താരങ്ങൾ പോസ്റ്റ് ചെയ്തത് അന്ന് വലിയ സോഷ്യൽ മീഡിയ ചർച്ചയക്ക് വഴി വച്ചിരുന്നു.