ഭോപ്പാല്‍: മധ്യപ്രദേശിലെ സീഹോറില്‍ സ്വവര്‍ഗ ദമ്പതികള്‍ ആരും അറിയാതെ ഒന്നിച്ച് ദാമ്പത്യ ജീവിതം നയിച്ചത് എട്ട് വര്‍ഷം. ഇരുവരുടെയും മരണശേഷമാണ് ഈ വിവരം അടുത്ത ബന്ധുക്കള്‍ പോലും മനസിലാക്കിയത്. ദമ്പതികളില്‍ ഭാര്യ സ്ത്രീയല്ലെന്നറിയില്ലെന്നായിരുന്നു ബന്ധുക്കള്‍ പറയുന്നത്. 2012ലാണ് ഇവര്‍ വിവാഹിതരായത്. 2014ല്‍ ഇരുവരും ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 11ന് ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് 'ഭാര്യ' സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തില്‍ ഭര്‍ത്താവിനും  പൊള്ളലേറ്റു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാല്‍ ആഗസ്റ്റ് 12ന് ഭോപ്പാലിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആഗസ്റ്റ് 12ന് മരിച്ചു. ആഗസ്റ്റ് 16നാണ് ഭര്‍ത്താവ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ദമ്പതികള്‍ പുരുഷന്മാരാണെന്ന് കണ്ടെത്തിയത്. ഇതേപ്പറ്റി കുടുംബത്തോട് ചോദിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഭോപ്പാല്‍ അഡീഷ്ണല്‍ പോലീസ് സുപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു.

കുടംബത്തോട് പൊലീസ് ഈ കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്കും ഇത് സംബന്ധിച്ച് ഒന്നും അറിയില്ലാ എന്നാണ് പൊലീസ് പറയുന്നത്.  തന്‍റെ സഹോദരന്‍ എല്‍ജിബിടിക്യു മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നതായി മരിച്ചയാളുടെ സഹോദരന്‍ പറഞ്ഞു. 2018 സെപ്തംബറിലാണ് ഒരേ ലിംഗത്തില്‍പ്പെട്ട ആളുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ എതിര്‍ക്കുന്ന സെക്ഷന്‍ 377 സുപ്രീംകോടതി റദ്ദാക്കിയത്.