സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നാണ് കോലം കത്തിച്ചത്...

ആഗ്ര: ആളുകളെ മതപരിവർത്തനം (Religious Conversion) ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ "തന്ത്രത്തിന്റെ" ഭാഗമാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആഗ്രയിൽ സാന്താക്ലോസിന്റെ (Santa Claus) കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് പരിസരത്താണ് സംഭവം. സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നാണ് കോലം കത്തിച്ചത്. 

സാന്താക്ലോസ് മൂർദാബാദ് എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ കോലം കത്തിച്ചത്. ക്രിസ്മസിന് സാന്താക്ലോസിന്റെ രൂപങ്ങൾ ഉപയോഗിച്ച് 
സമൂഹം മതപരിവർത്തനം നടത്തുന്നതിനെതിരാണ് തങ്ങളെന്ന് ഇവർ പിന്നീട് പ്രസ്താവനയുമിറക്കി. മിഷനറി സ്കൂളുകൾ വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നും സാന്താക്ലോസിന്റെ വേഷം കെട്ടാൻ നിർബന്ധിക്കുന്നുവെന്നും അന്താരാഷ്ട്രീയ ഹിന്ദു പരിഷത് രാഷ്ട്രീയ ബജ്റംഗ്ദൾ സെക്രട്ടറി അജ്ജു ചൌഹാൻ ആരോപിച്ചു. സാന്തയുടെ വേഷം കെട്ടാത്തവർക്ക് ശിക്ഷ നൽകുന്നുവെന്ന ആരോപണവും അജ്ജു ഉന്നയിച്ചു. 

"സാന്താ [ക്ലോസ്] ഒരു സമ്മാനവും കൊണ്ടുവരുന്നില്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുക എന്നതാണ് ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും വിജയിക്കാൻ അനുവദിക്കില്ല. ഇത് നിർത്തിയില്ലെങ്കിൽ മിഷനറി സ്‌കൂളുളിൽ പ്രക്ഷോഭം നടത്തും" അജ്ജു ചൗഹാൻ പറഞ്ഞു. ഒരു വശത്ത് ക്രിസ്ത്യൻ മിഷനറിമാർ വലിയ സ്‌കൂളുകൾ നടത്തുന്നുണ്ടെങ്കിലും മറുവശത്ത് അവർ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുകയാണെന്ന് രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രസിഡന്റ് അവതാർ സിംഗ് ഗിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു.

"ഇത് തടയാൻ രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ നിരീക്ഷണം നടത്തും, അങ്ങനെ മതം മാറ്റാനുള്ള ദുരുദ്ദേശപരമായ ശ്രമങ്ങൾ തടയും. ഏതെങ്കിലും മിഷനറി ഇത് ചെയ്യുന്നതായി കണ്ടെത്തിയാൽ, അന്തരാഷ്‌ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗും ഇയാൾക്കെതിരെ ദൾ കർശന നടപടിയെടുക്കും,” അവതാർ സിംഗ് ഗിൽ മുന്നറിയിപ്പ് നൽകി.