Asianet News MalayalamAsianet News Malayalam

സൈനികനീക്കം പാടില്ലെന്ന് പാകിസ്ഥാനോട് സൗദി അറേബ്യയും

ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

Saudi Arabia propose Pakistan to stop military activity in India Pakistan border
Author
Riyadh Saudi Arabia, First Published Feb 28, 2019, 10:35 AM IST

റിയാദ്: ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഇടപെടാൻ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു.

അബുദാബിയിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കെയാണ് സൗദിയുടെ ഇടപെടൽ എന്നത് ശ്രദ്ധേയമാണ്. എഒസി സമ്മേളനത്തിൽ ഇന്ത്യയെ വിശിഷ്ടാതിഥി ആക്കിയതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ സമ്മേളനം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഒസി സമ്മേളനത്തിൽ ഇന്ത്യ, പാകിസ്ഥാൻ സംഘർഷം സംബന്ധിച്ച നിലപാട് ഇന്ത്യ വ്യക്തമാക്കും. എഒസി സംയുക്തമായോ അംഗരാജ്യങ്ങൾ സ്വന്തം നിലയിലോ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്.

ഇതിനിടെ ചൈനീസ്   സ്റ്റേറ്റ് കൗൺസിലർ വാങ് യി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഫോണിൽ വിളിച്ചുവെന്ന വാർത്തയും പുറത്തുവന്നു. ഇരു രാജ്യങ്ങളും മിതത്വം പാലിക്കുമെന്ന് വാങ് യി പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും രണ്ട് രാജ്യങ്ങളുടേയും പരമാധികാരം ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്ഥാനോട്  അമേരിക്കൻ ആഭ്യന്തര കാര്യ മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഇന്ത്യയുടെ സിആർപിഎഫ് സൈനികർക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്. പാകിസ്ഥാൻ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവർത്തിച്ചു. ഭീകരർക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശിച്ചു.

അതിർത്തി കടന്നുള്ള എല്ലാത്തരം സൈനിക നീക്കവും ഇന്ത്യയും പാകിസ്ഥാനും ഉടൻ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു . അതിർത്തിയിലെ സംഘർഷം കുറയ്ക്കാനുള്ള അടിയന്തര നടപടികൾ രണ്ട് രാജ്യങ്ങലും ഉടൻ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios