ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22 ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക. 

ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്. രാഹുലിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിന് എതിരെയാണ് ഹര്‍ജി നല്‍കിയത്. 

ചൗകിദാർ നരേന്ദ്രമോദി കള്ളനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞുവെന്ന് മുകുൾ റോത്തഖി കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതുപോലുള്ള പരാമർശം കോടതി നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടിയത്. 

രാജ്യത്തിന്‍റെ  ചൗകിദാര്‍ മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നാണ് റഫാല്‍ വിഷയത്തില്‍ കോടതി നടത്തിയ വിധിയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം.